Home-bannerNationalNews

പൗരത്വ ഭേദഗതി നിയമം കേന്ദ്രം മുന്നോട്ട്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു;മന്ത്രിസഭ 8,500 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരവെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനായി 8,500 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ ‘സാധാരണ താമസക്കാരുടെ’ പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) എന്നാണ് കേന്ദ്രം പട്ടികയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.

കഴിഞ്ഞ ആറ് മാസമോ അതില്‍ കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തി അല്ലെങ്കില്‍ അടുത്ത ആറുമാസമോ അതില്‍ കൂടുതലോ ആ പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെയാണ് എന്‍പിആറില്‍ ‘സാധാരണ താമസക്കാരന്‍’ എന്ന് നിര്‍വചിക്കുക. എന്‍പിആറിനായി രേഖകള്‍ ഒന്നും തന്നെ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 2011ലെ സെന്‍സസിന്റെ ഭാഗമായുള്ള വീടുകളിലെ കണക്കെടുപ്പിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. വീടുതോറുമുള്ള സര്‍വേ നടത്തി എന്‍പിആര്‍ 2015 ല്‍ പുതുക്കി. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായതായയും അധികൃതര്‍ അറിയിച്ചിരുന്നു.ഇതിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ സെന്‍സസിന്റെ ഭാഗമായി വിവരശേഖരണത്തിനുമൊപ്പം എന്‍പിആര്‍ അപ്ഡേറ്റ് ചെയ്യും.

2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അസം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെന്‍സസിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള കണക്കെടുപ്പും ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷനും തീരുമാനിച്ചിരിക്കുകയാണെന്ന് സെന്‍സസ് കമ്മീഷണര്‍ അറിയിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ പടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നാണ് ആരോപണം. ദേശീയജനസംഖ്യാ രജിസ്റ്ററില്‍ ഉള്‍പ്പെട്ടതുകൊണ്ട് പൗരത്വം കിട്ടണമെന്ന് നിര്‍ബന്ധമില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ബംഗാള്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരത്തെ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker