തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ.
കോവളത്ത് നടക്കുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനാണ് അമിത് ഷാ എത്തുന്നത്. കേരളത്തിനാണ് ഇത്തവണ കൗൺസിൽ യോഗത്തിന്റെ അദ്ധ്യക്ഷ സ്ഥാനം. അടുത്ത മാസം മൂന്നിനാണ് കോവളത്ത് ഇന്റർ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയേറ്റിന്റെ ദക്ഷിണാമേഖലാ കൗൺസിൽ യോഗം നടക്കുന്നത്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിമാരടക്കം യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കോവളം റാവിസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപ് തുടങ്ങിയിടങ്ങളിൽനിന്നുള്ള ഭരണകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനങ്ങൾ തമ്മിലും കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള വേദിയാണു കൗൺസിൽ യോഗം.