കൊച്ചി:ലാഭം മാത്രം മുന്നിൽ കണ്ട് അഭിനേതാക്കൾ സിനിമ നിർമ്മിക്കുന്നത് തടയാൻ സിനിമാ സംഘടനകളുടെ തലപ്പത്തുള്ളവർക്ക് ധൈര്യമില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശൻ.
സാമ്പത്തിക ക്രമക്കേടുകൾ ഇത്തരത്തിൽ നടക്കുന്നുണ്ടെന്നും ശാന്തിവിള ദിനേശൻ ആരോപിക്കുന്നു. ഫെഫ്കെയുൾപ്പെടെയുള്ള സംഘടനകൾക്ക് സൂപ്പർ താരങ്ങളെ എതിർക്കാൻ പറ്റുന്നില്ലെന്നും ശാന്തിവിള ദിനേശൻ ആരോപിച്ചു.
ഫെഫ്കെയുടെ തലപ്പത്തുള്ള സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെയും ശാന്തിവിള ദിനേശൻ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.
മലയാളത്തിൽ നിർമാതാക്കളുടെ സംഘടന ഉണ്ടെങ്കിലും സൂപ്പർ സ്റ്റാറുകളുടെ മുന്നിൽ മുട്ടിടിക്കുന്നവരെന്ന് ഞാൻ പറയും. അവര് പറയുന്നതേ നടക്കൂ. നിർമാണ സംഘടനയുടെ തലപ്പത്തും ചേംബറിന്റെ തലപ്പത്തുള്ളവർക്കും സിനിമ ചെയ്യാൻ ഡേറ്റ് വേണം.
അതിനാൽ മമ്മൂട്ടിയെയും, മോഹൻലാലിനെയും ദിലീപിനെയുമെല്ലാം എങ്ങനെ പിണക്കുമെന്ന് കരുതുമെന്നും ശാന്തിവിള ദിനേശൻ പറയുന്നു.
സിനിമാ സംഘടനയുടെ തലപ്പത്തിരിക്കുന്നവർ അധികാരത്തിലിരിക്കുന്ന കാലം വരെ സിനിമ നിർമ്മിക്കരുതെന്ന നിയമ ഭേദഗതി സംഘടനകളിൽ കൊണ്ടു വരണമെന്നും ശാന്തിവിള ദിനേശൻ അഭിപ്രായപ്പെട്ടു.
സംഘടന വെച്ച് ഉണ്ണികൃഷ്ണനൊക്കെ ഒരുപാട് സിനിമകൾ ചെയ്യുന്നു, കോടികൾ ഉണ്ടാക്കുന്നു. സിനിമ എടുക്കാൻ പറ്റില്ല, സംഘടനാ പ്രവർത്തനമേ പറ്റൂ എന്ന് പറഞ്ഞാൽ ഉണ്ണികൃഷ്ണൻ ഇരിക്കുമോയെന്നും ഇദ്ദേഹം ചോദിക്കുന്നു.
‘ഉണ്ണികൃഷ്ണൻ ഒരു കഥ റെഡിയാക്കി കഴിഞ്ഞാൽ മോഹൻലാലിനോടോ മമ്മൂട്ടിയോടോ ദിലീപിനോടോ കഥ പറയുന്നു. ഇവർക്കെല്ലാം മാർക്കറ്റ് ഉള്ളത് കൊണ്ട് ഈ കഥ ഉത്തരേന്ത്യയിലെ ഏതെങ്കിലും കുത്തക മുതലാളിക്ക് വിൽക്കുന്നു’
’18 കോടിക്ക് ഈ പടം തീർത്ത് തരാമെന്ന് ഉണ്ണികൃഷ്ണൻ മുതലാളിയോട് പറയുന്നു, ലൈൻ പ്രൊഡ്യൂസർ എന്ന ഓമനപ്പേരിൽ ഉണ്ണികൃഷ്ണനിത് പ്രൊഡ്യൂസ് ചെയ്യുന്നു’
‘ആർട്ടിസ്റ്റുകൾക്ക് പറയുന്ന പൈസ കൊടുക്കും. ടെക്നീഷ്യൻമാർക്ക് ഇതുവരെ പൈസ കൊടുത്തില്ല എന്ന് ആരും പരാതി പറഞ്ഞിട്ടില്ല. പക്ഷെ ഓഡി കാറിൽ വരുന്ന സീനാണ് എടുക്കാനുള്ളതെങ്കിൽ ടാറ്റ സിയറയിൽ എടുക്കും. അത് മതി എന്ന് പറയും’
എത്ര ചെലവ് ചുരുക്കാമെന്ന് നോക്കി പന്ത്രണ്ട് കോടിക്കോ പതിമൂന്ന് കോടിക്കോ അങ്ങ് തീർക്കും. അഞ്ച് കോടി പോക്കറ്റിൽ കിടക്കും. ഇതാണിപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ശാന്തിവിള ദിനേശൻ ആരോപിക്കുന്നു.
‘നിങ്ങൾ നിർമ്മിക്കേണ്ട, സംവിധാനം ചെയ്താൽ മാത്രം മതിയെന്ന് പറഞ്ഞാൽ ഉണ്ണികൃഷ്ണൻ സമ്മതിക്കില്ല. പോയി പണി നോക്കാൻ പറയും’
‘ഇപ്പോൾ നടക്കുന്നതെന്താണ്.ഞാൻ കഷ്ടപ്പെട്ട് ഒരു സബ്ജക്ടുണ്ടാക്കി അതുമായി മാർക്കറ്റ് വാല്യുവുള്ള ഏതെങ്കിലും നടനെ കാണാൻ ചെല്ലുമ്പോൾ ഞാനിത് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറയുന്നു’
നട്ടെല്ലുള്ളവരാണ് സിനിമ സംഘടനയുടെ തലപ്പത്തിരിക്കുന്നതെങ്കിൽ സിനിമയിൽ അഭിനയിക്കുന്നവർ അത് മാത്രമേ ചെയ്യാവൂ എന്ന് പറയണമെന്നും ശാന്തിവിള ദിനേശൻ അഭിപ്രായപ്പെട്ടു.
പൊതുവെ മലയാള സിനിമയിലെ പ്രമുഖരെ രൂക്ഷമായി വിമർശിക്കുന്നയാളാണ് ശാന്തിവിള ദിനേശൻ. പലപ്പോഴും ഈ വിമർശനങ്ങൾ അതിര് കടന്ന് പോവുകയും വിവാദമാവാറും ഉണ്ട്.
എന്നാൽ താരങ്ങൾ പൊതുവെ ശാന്തിവിള ദിനേശന്റെ ആരോപണങ്ങളോട് പ്രതികരിക്കാറില്ല
ബംഗ്ലാവിൽ ഔത എന്ന സിനിമ മാത്രമാണ് ശാന്തിവിള ദിനേശൻ സംവിധാനം ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി പലരും ഇദ്ദേഹത്തെ ചോദ്യം ചെയ്യാറുണ്ട്.
ആദ്യം സ്വന്തമായി ഒരു സിനിമ ചെയ്ത് വിജയിപ്പിട്ട് പോരെ ഈ കുറ്റപ്പെടുത്തൽ എന്നാണ് ഇവരുന്നയിക്കുന്ന പ്രധാന ചോദ്യം.