തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഐ.ടി നിയമത്തിലെ 67, 67(എ) വകുപ്പുകള്‍ ചുമത്താനാണ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അതേസമയം വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന ആരോപണവും പോലീസ് പരിശോധിക്കും.
വിജയ് പി. നായര്‍ക്കെതിരെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ശ്രീലക്ഷ്മി അറക്കല്‍ നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ഐ.ടി ആക്റ്റ് ചുമത്തുന്ന കാര്യത്തില്‍ പോലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി നിയമത്തിലെ 67, 67 (എ) വകുപ്പുകള്‍ ചുമത്തുന്നത്. ഇലക്രോണിക് മാധ്യമങ്ങളിലൂടെ ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. ഇതനുസരിച്ചു കുറ്റം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കും. കേസില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സംഘടന രംഗത്തെത്തി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേര് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. അസോസിയേഷനില്‍ വിജയ് പി. നായര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ കേരള ചാപ്റ്റര്‍ അറിയിച്ചു.