ഒരു നടൻ സ്മാർട്ടാകാൻ സിക്സ് പാക്ക് വേണ്ട, ഞാൻ ചെയ്യില്ല, അല്ലെങ്കിൽ കഥ ആവശ്യപ്പെടണം’; വിജയ് സേതുപതി
ചെന്നൈ:അൻപതാമത്തെ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് നടൻ വിജയ് സേതുപതി. നിതിലൻ സംവിധാനം ചെയ്യുന്ന ‘മഹാരാജ’ എന്ന ചിത്രമാണ് താരത്തിന്റേതായി ഉടൻ റിലീസിന് കാത്തിരിക്കുന്നത്. നിരവിധി മികച്ച വേഷങ്ങളിലൂടെ ആരാധകരുടെ മക്കൾ സെൽവനായ വിജയ് സേതുപതി കഴിഞ്ഞ ദിവസം ഫിസിക്കൽ അപ്പിയറെൻസിനെ കുറിച്ച് സംസാരിച്ചിരുന്നു. ഒരു നടനെ സ്മാർട്ടായും സുന്ദരനായും കാണപ്പെടുന്നത് ശാരീരിക രൂപത്തിലൂടെയല്ല എന്നായിരുന്നു വിജയ് പറഞ്ഞത്.
പല നടന്മാർക്കും സിക്സ് പാക്ക് ഉണ്ട്, പക്ഷെ അതിന് വേണ്ടി ഞാൻ ഒന്നും ചെയ്യാറില്ല. ഞാൻ അങ്ങനെ ചെയ്യാത്തത് കൊണ്ട് സിക്സ് പാക്ക് വെക്കുന്നവരോടും ഞാൻ എതിരല്ല. ഞാൻ ചെയ്യുന്ന കഥാപാത്രത്തിന് യഥാർത്ഥത്തിൽ അത് ആവശ്യമാണെങ്കിൽ, സംവിധായകൻ സമയം നൽകിയാൽ ശാരീരിക പരിവർത്തനം ചെയ്യാൻ ഞാൻ തയ്യാറാണ്. ഞാൻ എന്റെ രൂപം മാറ്റണമെങ്കിൽ കഥയും കഥാപാത്രവും ആവശ്യപ്പെടണം, നടൻ വ്യക്തമാക്കി.
വിജയ് സേതുപതിയും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഹാരാജ’യിൽ അഭിരാമി, അനുരാഗ് കശ്യപ്, ഭാരതിരാജ, മുനിഷ്കാന്ത് എന്നിവരും വേഷമിടുന്നു. ക്രൈം ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ജൂൺ 14 നാണ് റിലീസിനെത്തുക. അതേസമയം ‘ഗാന്ധി ടോക്‌സ്’, ‘വിടുതലൈ പാർട്ട് 2’ എന്നിവയാണ് തിയേറ്ററുകളിൽ റിലീസിനായി കാത്തിരിക്കുന്ന വിജയ് സേതുപതിയുടെ മറ്റ് ചിത്രങ്ങൾ.