തിരുവനന്തപുരം: ഔദ്യോഗികമായി സ്ഥാനം ഒഴിഞ്ഞെങ്കിലും കേരളത്തോടുള്ള സ്നേഹം ആജീവനന്തകാലം ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളം വിടുന്ന ഈ ഘട്ടത്തിൽ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കുറച്ച് മലയാളത്തിൽ സംസാരിക്കണമെന്ന് പറഞ്ഞായിരുന്നു മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചത്.
‘ ഗവർണറുടെ കാലവധി തീർന്നു. പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ സുന്ദരമായ ഓർമകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെ എല്ലാം ഞാൻ എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ, ‘ എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ മലയാളത്തിൽ പറഞ്ഞത്.
ഇന്ത്യ മുഴുവൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിട പറഞ്ഞ ദുഖാചരണത്തിലാണ്. അത് കൊണ്ടാണ് ഔദ്യോഗിക യാത്രയയപ്പ് നൽകാതിരുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്റെ ഹൃദയത്തിൽ കേരളത്തിന് എന്നും പ്രത്യേക സ്ഥാനമുണ്ടെന്നും കേരളത്തോടുള്ള തന്റെ വികാരത്തിന് ഒരിക്കലും അവസാനമുണ്ടാകില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷങ്ങൾ തനിക്ക് പ്രയാസം നിറഞ്ഞതായിരുന്നില്ലെന്നും തന്റെ ഉത്തരവാദിത്തമാണ് നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ആശംസകൾ. അവർ കേരളത്തിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിവാദ വിഷയങ്ങളിലൊന്നും ആരിഫ് മുഹമ്മദ് ഖാൻ മറുപടി പറഞ്ഞില്ല. ബീഹാർ ഗവർണറായിട്ടാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്.
അതേ സമയം സ്ഥാനമൊഴിഞ്ഞ യാത്ര തിരിക്കുന്ന ഗവർണറെ സന്ദർശിക്കാൻ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ എത്തിയില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് ഔദ്യോഗിക ദുഖാചാരണമുള്ളതിനാൽ യാതൊരു ഔദ്യോഗിക ചടങ്ങുകളും പാടില്ല എന്നുള്ളതിനാലാണ് പ്രത്യേക യാത്രയയപ്പ് നൽകാതിരുന്നത് എന്നാണ് ഇതിന് പൊതുഭരണ വകുപ്പ് നൽകുന്ന വിശദീകരണം.
എന്നാൽ മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് സർക്കാർ ഹൃദ്യമായ യാത്രയയപ്പ് ആയിരുന്ന നൽകിയിരുന്നത്. പി സദാശിവത്തിന് രാജ് ഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമെ മാസക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയപ്പ് സമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി ആണ് അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തിരുന്നത്.