പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേടീമിനെ നിലനിര്‍ത്തി. ഇന്ത്യയ്ക്ക് വേണ്ടി ഈ മത്സരത്തിലും നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും കളിക്കില്ല. സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.
ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമാണുള്ളത്. ഉമ്രാന്‍ മാലിക്കിന് പകരം ജയ്‌ദേവ് ഉനദ്കട്ടും അക്ഷര്‍ പട്ടേലിന് പകരം ഋതുരാജ് ഗെയ്ക്‌വാദും ടീമിലിടം നേടി. സഞ്ജു ഇത്തവണ നാലാമനായി കളിക്കും. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.
ആദ്യമത്സരം ആധികാരികമായി ജയിച്ച ഇന്ത്യയെ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് ആറുവിക്കറ്റിന് തോല്‍പ്പിച്ചു. ഇതോടെ 1-1 എന്നനിലയിലാണ്. മൂന്നാം മത്സരം ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. 2006-നുശേഷം വിന്‍ഡീസിനെതിരേ ഇന്ത്യ പരമ്പര തോറ്റിട്ടില്ല.
ലോകകപ്പും ഏഷ്യാകപ്പും അടുത്തിരിക്കെ, താരതമ്യേന ദുര്‍ബലരായ വിന്‍ഡീസിനെതിരേ പരമ്പരനഷ്ടം ഇന്ത്യയ്ക്ക് ഉള്‍ക്കൊള്ളാനാകില്ല. ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട വിന്‍ഡീസിന് ഇന്ത്യക്കെതിരായ പരമ്പര നേടാന്‍ കഴിഞ്ഞാല്‍ അത് വന്‍നേട്ടമാകും. പ്രത്യേകിച്ചും യുവതാരങ്ങളുമായിട്ടാണ് ടീം കളിക്കുന്നത്.