ഹാമിർപുർ: രാജ്യത്ത് മുസ്‌ലിങ്ങളുടെ ജനസംഖ്യ കുതിച്ചുയരുമ്പോൾ അവരെന്തിനാണ് പേടിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ന്യൂനപക്ഷങ്ങൾ വ്യക്തമായും അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബി.ജെ.പി. ഭരണഘടന മാറ്റിയെഴുതുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും മന്ത്രി തള്ളി.
1950-നും 2015-നുമിടയിൽ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞപ്പോൾ മുസ്‌ലിങ്ങളുടേത് 43.15 ശതമാനം വർധിച്ചതായി സാമ്പത്തിക ഉപദേശകസമിതി ഈയിടെ റിപ്പോർട്ട് നൽകിയിരുന്നു. മുസ്‌ലിങ്ങൾ സുരക്ഷിതരല്ലെന്ന് ഇന്ത്യയിലെ ചിലർ പറയുന്നു. അവരുടെ ജനസംഖ്യ 45 ശതമാനം വർധിച്ചു. ഇപ്പോഴും അവർ സുരക്ഷിതരല്ലെന്ന് പറയുന്നു. അവർ എങ്ങനെയാണ് സുരക്ഷിതരാകാത്തത്.
ഞങ്ങൾക്ക് വോട്ടുചെയ്യൂവെന്ന് മുസ്‌ലിങ്ങളോട് നിർബന്ധപൂർവം പറഞ്ഞിട്ടില്ല. വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റിയിട്ടുമില്ല. ഞങ്ങൾ അധികാരത്തിൽ തുടർന്നാൽ എസ്.സി., എസ്.ടി., ഒ.ബി.സി. സംവരണത്തിൽ മാറ്റമുണ്ടാവില്ല. എന്നാൽ, കോൺഗ്രസ് ഈ സംവരണം എടുത്തുകളഞ്ഞ് മുസ്‌ലിങ്ങൾക്ക് നൽകാനാണ് ശ്രമിക്കുന്നത്.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ 1947-ൽ 23 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ ഇപ്പോൾ രണ്ടുശതമാനംമാത്രമാണെന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യത്തെ കൊലപ്പെടുത്തിയത് ഇന്ദിരാഗാന്ധിയാണെന്നും ആരെങ്കിലും ഭരണഘടനയെ തകർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് അരവിന്ദ് കെജ്‌രിവാളാണെന്നും അദ്ദേഹം പറഞ്ഞു.