തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ആശുപത്രിക്ക് വേണ്ട ഓക്‌സിജന്‍ കണക്കാക്കാന്‍ ജില്ലാതല സമിതികളെ നിയോഗിക്കും. സ്വകാര്യ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ എത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
”ഓക്‌സിജന്‍ വിതരണത്തില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. വലിയ തോതില്‍ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളില്‍ ആവശ്യമായ ഓക്‌സിജന്‍ എത്തിക്കും. ഓക്‌സിജന്‍ പ്രധാനമായ സംഗതിയായത് കൊണ്ട് ആവശ്യത്തിലധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം.”- മുഖ്യമന്ത്രി പറഞ്ഞു.
ഓക്‌സിജന്റെ സ്റ്റോക്ക് കുറയുന്നുണ്ട്. ആവശ്യം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രം സഹായിക്കണം. ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക്ക് ടണ്‍ ആദ്യ ഗഡുവായും അടുത്ത ഗഡുവായി 500 ടണ്‍ കൂടി കേരളത്തിന് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.