ഇനിയില്ല; ചാനലിനെ ഞെട്ടിച്ച് സുചിതയുടെ തീരുമാനം; ഒറ്റ വാഗ്ദാനം കൊണ്ട് നടിക്ക് മനം മാറ്റം
കൊച്ചി:സിനിമകളിൽ നിന്നും സീരിയൽ രംഗത്തേക്ക് കടന്ന് വന്ന് വിജയം കൈവരിച്ച നിരവധി നടിമാരുണ്ട്. ശ്രീവിദ്യ, ദേവയാനി, രാധിക തുടങ്ങി സിനിമകളിൽ പേരെടുത്ത പലർക്കും പിന്നീട് സീരിയൽ രംഗത്തും വൻ ജനപ്രീതി നേടാൻ കഴിഞ്ഞു. സിനിമാ ലോകത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സീരിയൽ രംഗത്ത് തരംഗം സൃഷ്ടിച്ച നടിയാണ് സുചിത. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങൾ സുചിതയ്ക്ക് സീരിയലുകളിൽ നിന്ന് ലഭിച്ചു.
കാണാക്കിനാവ്, ദേവി മഹാത്മ്യം, ഹരിചന്ദനം തുടങ്ങിയവയാണ് സുചിതയുടെ ജനശ്രദ്ധ നേടി മലയാളം സീരിയലുകൾ. തമിഴിലാണ് നടി കൂടുതൽ സീരിയലുകൾ ചെയ്തത്. തമിഴ് കുടുംബ പ്രേക്ഷകർക്കിടയിൽ സുചിതയ്ക്കുള്ള ജനപ്രീതി ചെറുതല്ല. വൻ ഹിറ്റായ പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിൽ ശ്രദ്ധേയ വേഷം സുചിതയ്ക്ക് ലഭിച്ചു. വർഷങ്ങളോളം ജനപ്രിയ പരമ്പരയായി തുടർന്ന പാണ്ഡ്യൻ സ്റ്റോർസ് പുതിയ സീസണുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുകയാണ്.
സീരിയൽ വീണ്ടും തുടങ്ങാനിരിക്കെ അണിയറയിൽ ചില അപ്രതീക്ഷിത സംഭവങ്ങളും നടന്നു. പുതിയ സീസണിൽ താൻ അഭിനയിക്കാനില്ലെന്നും സീരിയൽ വിടുകയാണെന്നും സുചിത അണിയറ പ്രവർത്തകരെ അറിയിച്ചു. ഇത് സീരിയൽ സംപ്രേഷണം ചെയ്യുന്ന ചാനലിന് വരെ ഞെട്ടലുണ്ടാക്കി. അഞ്ച് വർഷങ്ങൾ പാണ്ഡ്യൻ സ്റ്റോർസിലെ ധനലക്ഷ്മിയായി പ്രേക്ഷകർ കണ്ടത് സുചിതയെയാണ്.
ഈ കഥാപാത്രമായി മറ്റൊരാളെത്തുന്നത് സീരിയലിന്റെ സ്വീകാര്യതയെ ബാധിക്കുമെന്ന് അണിയറ പ്രവർത്തകർ ഭയന്നു. ഇതോടെ ഇവർ നടിയുമായി ചർച്ച നടത്തി. വ്യക്തിപരമായ ചില കാരണങ്ങളാണ് പിൻമാറ്റമെന്നാണ് സുചിത നൽകിയ വിശദീകരണം. എന്നാൽ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട അണിയറക്കാർ നടിക്ക് പ്രതിഫലം കൂട്ടി നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇതോടെ സുചിതയ്ക്ക് മനം മാറ്റം വന്നു. പാണ്ഡ്യൻ സ്റ്റോർസിൽ അഭിനയിക്കാൻ നടി സമ്മതം അറിയിച്ചു.
ഇക്കഴിഞ്ഞ വർഷങ്ങളിൽ പ്രതിഫലം കൂട്ടി നൽകാത്തതിനാലാണ് പരമ്പരയിൽ നിന്ന് പിൻമാറാൻ സുചിത തീരുമാനിച്ചതെന്നും സൂചനയുണ്ട്. സംവിധായകനായ ധനുഷിനെയാണ് സുചിത വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുമുണ്ട്. ധൻവിൻ എന്നാണ് മകന്റെ പേര്. നടി മീര ജാസ്മിന്റെ മുഖഛായയുള്ള നടിയെന്ന പേരിലാണ് തുടക്ക കാലത്ത് സുചിത അഭിനയ രംഗത്ത് അറിയപ്പെട്ടത്.
ഹരിചന്ദനം എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ഇക്കാര്യം സുചിതയോട് പറഞ്ഞതിനെക്കുറിച്ച് നടനും നിർമാതാവുമായ ദിനേശ് പണിക്കർ അടുത്തിടെ സംസാരിച്ചിരുന്നു. എല്ലാവരും ഇക്കാര്യം തന്നോട് പറയാറുണ്ടെന്നാണ് സുചിത നൽകിയ മറുപടിയെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി.
സുചിതയുടെ സഹോദരനാണ് സംവിധായകൻ സൂര്യ കിരൺ. നിരവധി സിനിമകൾ സംവിധാനം ചെയ്ത സൂര്യ കിരൺ വിവാഹം ചെയ്തത് നടി കാവേരിയെയാണ്. വിവാഹം കഴിഞ്ഞ് കുറച്ച് വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സുചിത സംസാരിച്ചു. സാമ്പത്തിക പ്രശ്നങ്ങൾ ചേട്ടന്റെ വിവാഹബന്ധത്തെ ബാധിച്ചെന്നാണ് സുചിത പറഞ്ഞത്.
സിനിമാ നിർമാണത്തിലൂടെ വലിയ സാമ്പത്തിക നഷ്ടം രണ്ട് പേർക്കും നേരിടേണ്ടി വന്നു. കട ബാധ്യത മൂലം എല്ലാം വിറ്റു. സാമ്പത്തിക പ്രതിസന്ധി വന്നാൽ രണ്ട് പേരിൽ ഒരാൾക്ക് ബാലൻസ് ചെയ്യാൻ പറ്റണം. ഇത്തരം പ്രശ്നങ്ങൾ അധിക കാലം നീണ്ട് നിൽക്കുന്നത് ബന്ധങ്ങളെ ബാധിക്കുമെന്നും സുചിത ചൂണ്ടിക്കാട്ടി. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുചിത ഇക്കാര്യം പറഞ്ഞത്.