കൊച്ചി: അരിക്കൊമ്പന്‍റെ പേര് പറഞ്ഞ് ഒരു രൂപപോലും പിരിച്ചിട്ടില്ലെന്ന് കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിൻ സാറാ റോബിൻ. തന്നെയും തന്‍റെ സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് സാറാ റോബിൻ പറഞ്ഞു. അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ സാറാ റോബിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് ഇയാൾ പരാതി നൽകിയത്. കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന ഗ്രൂപ് പണപ്പിരിവ് നടത്തിയിട്ടില്ല. അരിക്കൊമ്പനായി ആരുടെയും പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല. തന്നെയും കുടുംബത്തെയും സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ശ്രീജിത്തിന്റെ ഫേസ്ബുക്കിൽ തന്നെയും സഹോദരി മീരാ ജാസ്മിനെയും പേരുപറഞ്ഞ് ആരോപണം ഉന്നയിച്ചത്.
കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും സാറാ റോബിൻ പറഞ്ഞു. ഗ്രൂപ് തുടങ്ങിയ അന്നുമുതൽ ഉണ്ട്. തന്നെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയാണ് ഇയാളുടെ ലക്ഷ്യം. കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് സൊസൈറ്റി രൂപീകരിക്കാൻ പോകുകയാണ്. നിലവിൽ ഒമ്പതിനായിരത്തോളം അംഗങ്ങളുണ്ട്. ഈ ഗ്രൂപ്പിനെ തകർക്കുകയാണ് ലക്ഷ്യം. ആരു പണം തന്നു, ആരുടെ അക്കൗണ്ടിൽ നിന്ന് പണം വന്നു എന്ന് ആരോപണം ഉന്നയിച്ചവർ പറയട്ടെയെന്നും സാറ പറഞ്ഞു.
അരിക്കൊമ്പന്റെ പേരില്‍ വാട്ട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതിയില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ക്കും അരി വാങ്ങി നല്‍കാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിയ്ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.
ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് വേണ്ടിയാണ് വാട്ട്‌സാപ്പ് കൂട്ടായ്മ പണം പിരിച്ചത്. ഏപ്രില്‍ 30 നാണ് എന്നും അരിക്കൊമ്പനൊപ്പം എന്ന പേരില്‍ വാട്ട്‌സാപ്പ് കൂട്ടായ്മ രൂപീകരിക്കുന്നത്. എറണാകുളം സ്വദേശികളാണ് ഗ്രൂപ്പ് അഡ്മിനുകള്‍. സംസ്ഥാനത്തുടനീളമുള്ള മൃഗസ്‌നേഹികളെ പിന്നീട് ഗ്രൂപ്പിന്റെ ഭാഗമാക്കി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ കൊണ്ടുവരുന്നതിന് സുപ്രീംകോടതിയില്‍ കേസ് നടത്താനെന്ന പേരിലും അരി എത്തിച്ച് നല്‍കാമെന്നും പറഞ്ഞായിരുന്നു പണപ്പിരിവ്. പ്രവാസികളില്‍ നിന്നടക്കം 8 ലക്ഷത്തോളം രൂപ ഇതിനോടകം പിരിച്ചുവെന്നാണ് പരാതി. ഗ്രൂപ്പ് അംഗങ്ങളായ ചിലരാണ് പൊതുപ്രവര്‍ത്തകനായ ശ്രീജിത്ത് പെരുമനയെ വിവരം അറിയിക്കുന്നത്.
അന്വേഷണം തുടങ്ങിയ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് അരിക്കൊമ്പനെ മുന്‍ നിര്‍ത്തി തയ്യാറാക്കിയ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനിടെ തങ്ങള്‍ക്ക് നേരെ നടക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് ഉന്നയിച്ച് ഗ്രൂപ്പ് അഡ്മിന്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അരികൊമ്പന് വേണ്ടി പണം പിരിച്ചിട്ടില്ല. കെയര്‍ ആന്റ് കണ്‍സേര്‍ണ്‍ ഫോര്‍ ആനിമല്‍സ് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിക്കാനാണ് ശ്രമമെന്ന് ഗ്രൂപ്പ് അഡ്മിന്‍ വ്യക്തമാക്കി.
ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.