ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രം നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍. വിഴിഞ്ഞം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കുമ്പോഴും അന്തിമ അംഗീകാരം നല്‍കുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി സര്‍ബാനന്ദ് സോനോവാള്‍ വ്യക്തമാക്കി.
രാജ്യസഭയില്‍ ഹാരീസ് ബീരാന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇളവ് തേടി കേരളം നല്‍കിയ കത്തുകള്‍ 2022 ജൂണ്‍ 7-നും 2024 ജൂലൈ 27-നും ചേര്‍ന്ന ഉന്നതാധികാരസമിതി യോഗങ്ങള്‍ പരിശോധിച്ചതാണെന്ന് ഷിപ്പിങ് മന്ത്രി അറിയിച്ചു. എന്നാല്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഖജനാവിന് 10000 മുതല്‍ 12000 കോടി രൂപയുടെ വരെ നഷ്ടം ഉണ്ടാകുമെന്നും അതിനാല്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടിവില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്ത് കൈമാറിയിട്ടുണ്ടെന്നും മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ രാജ്യസഭയില്‍ വ്യക്തമാക്കി.