24.4 C
Kottayam
Wednesday, May 22, 2024

സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ച ഇന്ന്,‌വിപ്പുയുദ്ധത്തില്‍ ഉലഞ്ഞ് പ്രതിപക്ഷവും

Must read

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും. അംഗബലത്തിന്‍റെ കരുത്തില്‍ യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാവുമെങ്കിലും , ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരുംദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവും.

കോണ്‍ഗ്രസ് അവിശ്വാസത്തെ ബിജെപി അംഗം ഒ രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും. വിമര്‍ശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീൽ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശിവശങ്കറിനെ പുറത്താക്കിയതിലൂടെ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന പ്രതിരോധമുയര്‍ത്തിയാവും എല്‍ഡിഎഫ് പ്രതിപക്ഷത്തെ നേരിടുക.

9 മണിക്ക് ധനകാര്യബിൽ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചർച്ച. വി ഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേൽ അഞ്ച് മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

എം പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്ക് തെരഞ്ഞെടുപ്പും ഇന്ന് നടക്കും.നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്‍ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തു മണി മുതലാവും വോട്ടെടുപ്പ്. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയും മത്സരിക്കും.

ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജോസ് പക്ഷവും , യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നൽകിയിട്ടുണ്ട്.

തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week