KeralaNews

ആരെയും വഴി തടയില്ല, കറുത്ത വസ്ത്രത്തിന് വിലക്കില്ല, നടപടി വ്യക്തമാക്കി പിണറായി വിജയൻ

കണ്ണൂർ: ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കൂട്ടർ വഴി തടയുന്നുവെന്നും, ചില പ്രത്യേക തരം വസ്ത്രങ്ങൾ പാടില്ലെന്നും നിർദേശമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്. ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെ വ്യാജപ്രചാരണം നടത്തുകയാണ്. അതിന്റെ ഭാഗമായാണ് കറുത്ത മാസ്‌കും വസ്ത്രവും തടയുന്നു എന്ന പ്രചാരണമെന്നും കണ്ണൂരിൽ നടക്കുന്ന ഗ്രന്ഥശാല പ്രവർത്തകസംസ്ഥാന സംഗമത്തിൽ പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ:

മാറ് മറയ്ക്കാനും വഴി നടക്കാനുമുള്ള അവകാശം സമരം ചെയ്ത് നേടിയെടുത്തതാണ് കേരളത്തിലുള്ള ഒരു വിഭാഗം ജനത. അങ്ങനെ സമരം ചെയ്ത ചരിത്രമുള്ള കേരളത്തിൽ ഇവിടെയെന്തോ വഴി തടയുകയാണ്എന്ന് പറയുന്ന കൊടുമ്പിരിക്കൊണ്ട പ്രചാരണം നടക്കുന്നു. ഈ നാട്ടിൽ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടർക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്ന ചില ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധകേരളം അതൊന്നും സമ്മതിക്കില്ല.

ഈ പരിപാടിയിൽപങ്കെടുത്ത പലരും പല തരത്തിൽ വസ്ത്രം ധരിച്ചവരാണ്. കുറച്ച് ദിവസമായി കൊടുമ്പിരിക്കൊണ്ട മറ്റൊരു പ്രചരണം, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമാറ് ഉയർന്ന് വന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തിൽ ധരിക്കാൻ പാടില്ല എന്നതാണ്. മാസ്കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തിലേതൊരാൾക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. നേരത്തേ മുട്ടിന് താഴെ മുണ്ടുടുക്കാൻ അവകാശമില്ലാതിരുന്ന, മാറ് മറയ്ക്കാൻ അവകാശമില്ലാതിരുന്ന പലരും പല പോരാട്ടങ്ങളും കേരളത്തിൽ നടത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് നമ്മുടെ നാട് മാറിയത്. ഇവിടെ അത്തരമൊരു അവകാശം ഹനിക്കുന്ന പ്രശ്നമേയില്ല. എത്ര മാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെയാണ് ചില കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. അതിന്‍റെ ഭാഗമായാണ് കറുത്ത വസ്ത്രം, മാസ്ക് ധരിക്കരുത് എന്ന് കേരളത്തിലെ സർക്കാർ നിലപാടെടുത്തു എന്ന പ്രചാരണം നടത്തുന്നത്. 

കേരളത്തിൽ ഇടതുപക്ഷസർക്കാരാണ്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്‍റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു. ആ സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേകവസ്ത്രം ധരിക്കാൻ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ഇതെല്ലാം നുണപ്രചാരണങ്ങളാണെന്ന് തിരിച്ചറിയണം. നമ്മുടെ നാടിന്‍റെ പ്രത്യേകത എല്ലാ തരത്തിലും കാത്ത് സൂക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടാകും, ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ് അക്കാര്യത്തിൽ. കള്ളക്കഥകൾ മെനയുന്ന ശക്തികൾക്കെതിരെ പ്രവർത്തിക്കാനും നല്ല നടപടിയെടുക്കാനും ഞങ്ങൾ മുന്നിലുണ്ടാകും – മുഖ്യമന്ത്രി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker