KeralaNews

‘ചാമ്പിക്കോ’ വൈറല്‍ വീഡിയോ: ഉസ്താദ് ഉസ്മാന്‍ ഫൈസിയെ പുറത്താക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജമെന്ന് മഹല്ല് കമ്മറ്റി

മലപ്പുറം: അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ ‘ചാമ്പിക്കോ’ വീഡിയോ വേര്‍ഷനിലൂടെ ശ്രദ്ധേയനായ ഉസ്താദ് ഉസ്മാന്‍ ഫൈസിയെ മഹല്ല് കമ്മറ്റി പുറത്താക്കിയെന്നത് വ്യാജ പ്രചരണം. അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മറ്റി അറിയിച്ചു. കുട്ടികളോടൊപ്പം വീഡിയോ എടുത്തതിന്റെ പേരില്‍ ഉസ്താദിനെ മദ്രസാ അധികൃതര്‍ പുറത്താക്കിയെന്നായിരുന്നു പ്രചാരണം. വണ്ടൂര്‍ മിഫ്താഹുല്‍ മദ്രസയില്‍ നടന്ന സംഭവമായിട്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിപ്പത്.

മലപ്പുറം ജില്ലയിലെ അരിമ്പ്ര പാലത്തിങ്ങല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലെ ഉസ്താദാണ് ഉസ്മാന്‍ ഫൈസി. മദ്രസയിലെ എട്ടാം ക്ലാസിലെ അവസാന ദിവസം കുട്ടികള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു വീഡിയോ എടുക്കാന്‍ ഉസ്താദ് സമ്മതിച്ചതെന്ന് പ്രദേശവാസിയായ സമീര്‍ പിലാക്കല്‍ പറഞ്ഞു.
സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം ഉസ്താദിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുമ്പോള്‍, അരിമ്പ്ര പാലത്തിങ്ങല്‍ പ്രദേശത്തെ മഹല്ല് കമ്മിറ്റിയും കുട്ടികളുടെ രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ വീഡിയോ ഏറ്റെടുത്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഭീഷ്മയുടെ ചാമ്പിക്കോ വേര്‍ഷന്‍ വീഡിയോയായിരുന്നു മദ്രസയില്‍ വെച്ച് ഉസ്താദും കുട്ടികളും കൂടി ചെയ്ത വീഡിയോ. വൈറലായതിന് പിന്നാലെ ഉസ്താദിനെ മഹല്ല് കമ്മറ്റി പുറത്താക്കിയെന്നും ഉസ്താദിന്റെ പണി പോയെന്നും പറഞ്ഞു തമാശകളും ട്രോളുകളും എഫ്ബി ഇന്‍സ്റ്റാഗ്രാം വാട്ട്‌സപ്പ് ഫീഡുകളില്‍ നിറഞ്ഞു.

വണ്ടൂര്‍ മിഫ്താഹുല്‍ മദ്രസയില്‍ നടന്ന സംഭവമായിട്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധാരണ പരന്നത്. എന്നാല്‍ യാഥാര്‍ഥ്യം ഇതായിരുന്നു.
മദ്രസയിലെ എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ക്ലാസ് അവസാനിക്കുന്ന ദിനം കുട്ടികള്‍ കൂടി നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വീഡിയോ എടുത്തത്. ക്ലാസിലെ ഒരു വിദ്യാര്‍ഥിയാണ് ബിജിഎം ചേര്‍ത്ത് വീഡിയോ പ്രചരിപ്പിച്ചത്. നാട്ടുകാരും രക്ഷിതാക്കളും വിദ്യാര്‍ഥികളുമെല്ലാം ഒരു തമാശ എന്ന തരത്തിലാണ് ഇതിനെ കണ്ടത്. സോഷ്യല്‍മീഡിയയില്‍ ഉസ്താദിനെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുമ്പോഴും അരിമ്പ്ര പാലത്തിങ്ങല്‍ പ്രദേശത്തെ നാട്ടുകാര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button