FeaturedKeralaNews

നിതിന കൊലപാതകം; പ്രതി അഭിഷേകിനെ കോളജില്‍ എത്തിച്ച് തെളിവെടുത്തു

കോട്ടയം: പാലാ സെന്റ തോമസ് കോളജ് കാമ്പസില്‍ സഹപാഠിയായ വിദ്യാര്‍ഥിനിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ കോളജ് കാമ്പസില്‍ എത്തിച്ച് തെളിവെടുത്തു. ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രതിയുമായി പോലീസ് കാമ്പസില്‍ എത്തിയത്. കൊലപാതകം നടന്ന സ്ഥലത്തും നടത്തിയ രീതിയും പ്രതി പോലീസിന് മുന്നില്‍ വിശദീകരിച്ചു.

ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതെ പെരുമാറിയ പ്രതി പോലീസുമായി സഹകരിച്ചു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കോളജില്‍ തെളിവെടുപ്പിന് എത്തിച്ചത്. വന്‍ പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.25 ഓടെയാണ് സംഭവം നടന്നത്. തലയോലപ്പറന്പ് കളപ്പുരയ്ക്കല്‍ നിതിനമോള്‍ (22) ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പാണിപുത്തന്‍പുര അഭിഷേക് ബൈജുവാണ് (20) പോലീസ് പിടിയിലായത്.

ഇരുവരും പാലാ സെന്റ് തോമസ് കോളജിലെ മൂന്നാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥികളാണ്. ദീര്‍ഘകാലമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രതി അഭിഷേകിന്റെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിഷേധിച്ചതാണ് കൊലപാതകത്തിന് പ്രേരണയായത്. വെള്ളിയാഴ്ച അവസാന സെമസ്റ്റര്‍ പരീക്ഷ നടക്കുകയായിരുന്നു. രാവിലെ 9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ. എന്നാല്‍, രാവിലെ ആറിനുതന്നെ പ്രതി കോളജില്‍ എത്തി. പരീക്ഷാ ഹാളില്‍നിന്നു വളരെ നേരത്തേ പുറത്തിറങ്ങുകയും ചെയ്തു.

പെണ്‍കുട്ടി പരീക്ഷാഹാളില്‍നിന്നു പുറത്തിറങ്ങുന്നത് കാത്തിരുന്ന പ്രതി പരീക്ഷാഹാളിനും കോളജ് ഗേറ്റിനും മധ്യേ പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ആക്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ കഴുത്തിനു പിടിച്ച് നിലത്ത് അമര്‍ത്തുകയും കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് കുത്തുകയുമായിരുന്നു. രക്തധമനികള്‍ പൊട്ടി രക്തവാര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്.

ഇതിനിടെ നിതിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം നിതിനയെ കൊലപ്പെടുത്താന്‍ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് അഭിഷേക് മൂര്‍ച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button