News

കര്‍ഷക സമരത്തില്‍ നക്‌സല്‍ ബന്ധമുള്ളയാള്‍ എങ്ങനെയെത്തി; ചോദ്യവുമായി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കര്‍ഷക സമര്‍ത്തിന് നക്സല്‍ ബന്ധം ആരോപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. നക്സല്‍ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ഒരാളുടെ ചിത്രം സമരക്കാര്‍ക്കിടയില്‍ കണ്ടുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ‘എല്ലാ കര്‍ഷകരെക്കുറിച്ചും സംഘടനകളെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. നാഗ്പുരിന് സമീപം വിദര്‍ഭയില്‍ നക്സല്‍ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ഒരാളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അയാള്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുമില്ല. പിന്നെ എങ്ങനെയാണ് അയാള്‍ കര്‍ഷക സമരത്തിന് എത്തുന്നത്. കൃഷിയും കര്‍ഷകരുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണ്’. നിതിന്‍ ഗഡ്കരി ചോദിച്ചു.

‘ദേശവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ളയാള്‍, കര്‍ഷകരുമായി നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലാത്തയാള്‍ അങ്ങിനെയുള്ളയാളിന്റെ ചിത്രം എങ്ങനെ കര്‍ഷകര്‍ക്കൊപ്പം വരും. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ചില ശക്തികള്‍ കര്‍ഷക സമരത്തില്‍ ഇടപ്പെടുന്നുണ്ട്. കര്‍ഷകരുടെയും അവരുടെ സംഘടനകളുടെയും അജന്‍ഡയല്ല ഇപ്പോള്‍ കേള്‍ക്കുന്നത്. കര്‍ഷകര്‍ ഇതില്‍ നിന്നൊക്കെ മാറി നില്‍ക്കണം’-അദേഹം കൂട്ടിചേര്‍ത്തു.

കര്‍ഷക സമരത്തിനെതിരെ നിരവധി ആരോപണങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുയുരുന്നത്. തീവ്ര ഇടതു സംഘടനകളും മാവോയിസ്റ്റുകളും കര്‍ഷക സമരം ഹൈജാക്ക് ചെയ്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. ഭീമകൊറേഗാവ്, ഷഹീന്‍ബാഗ് സമരം, പൗരത്വനിയമ ഭേദഗതി വിരുദ്ധ നീക്കം എന്നിവയുമായും കര്‍ഷക സമരത്തിനെ താരതമ്യപ്പെടുത്തിയിരുന്നു.

വരുംദിനങ്ങളില്‍ കര്‍ഷക സമരം അക്രമങ്ങളിലേക്ക് കടക്കുമെന്നും പൊതുമുതല്‍ നശിപ്പിക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി- ജയ്പൂര്‍ ദശീയപാത തടയാന്‍ മറ്റു സംഘടനകളാണ് കര്‍ഷകരോട് ഉപദേശിച്ചതെന്നും അവര്‍ പറയുന്നു. ഈ ആരോപണങ്ങളെല്ലാം കര്‍ഷകര്‍ തള്ളിയിരുന്നു. സമരം ഒരുതരത്തിലും രാഷ്ടീയനീക്കമല്ലെന്നും സമധാനപരമാണെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker