മുംബയ്: പത്ത് മത്സരത്തിൽ വെറും നാല് എണ്ണം മാത്രം വിജയിച്ച മുംബയ് ഇന്ത്യൻസിന് ഇത്തവണത്തെ ഐപിഎല്ലിൽ നിരാശ മാത്രമായിരുന്നു. മോശം പ്രകടനം തിരിച്ചടിയായ ടീം ഐപിഎല്ലിന്റെ പുതിയ സീസണിൽ നിന്നും പുറത്തായി. രോഹിത് ശർമ്മയിൽ നിന്നും ക്യാപ്റ്റൻസി ഏറ്റെടുത്ത ഹാർദിക് പാണ്ഡ്യയ്ക്ക് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളൊന്നും ടീമിലുണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ ആരാധകർക്ക് ഈ സീസണും നിരാശ മാത്രമാണ് സമ്മാനിച്ചത്.
ടീമിന്റെ മോശം പ്രകടനത്തിൽ ഉടമയായ നിത അംബാനിയും കുടുംബവും അസ്വസ്ഥയാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ടീമിന്റെ പ്രകടനത്തിന് എന്താണ് സംഭവിച്ചതെന്ന് അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് നിത അംബാനി അറിയിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഒരു ഉടമ എന്ന നിലയിൽ മാത്രമല്ല, ഒരു ആരാധകയെന്ന നിലയിലും നിലവിലെ സീസൺ അവസാനിച്ച രീതിയെക്കുറിച്ച് നിത അംബാനി സംസാരിച്ചു.
‘നമുക്ക് എല്ലാവർക്കും നിരാശ മാത്രം സമ്മാനിച്ച ഒരു സീസണാണിത്. നമ്മൾ ആഗ്രഹിച്ച പോലെയൊന്നും കാര്യങ്ങൾ നടന്നില്ല. പക്ഷേ, ഞാൻ ഇപ്പോഴും മുംബയ് ഇന്ത്യൻസ് ആരാധികയാണ്. ടീം ഉടമയായത് കൊണ്ടല്ല, മുംബയ് ഇന്ത്യൻസിന്റെ ജേഴ്സി ധരിക്കുന്നത് ഒരു വലിയ ബഹുമതിയും പദവിയുമാണെന്ന് ഞാൻ കരുതുന്നു, മുംബയ് ഇന്ത്യൻസുമായി സഹകരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയും പദവിയുമാണ്. നമ്മൾ തിരിച്ചുവരും, എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അവലോകനം ചെയ്യണം’- നിത അംബാനി പറഞ്ഞു.
ട്വന്റി 20 ലോകകപ്പ് ടീമിൽ ഉൾപ്പട്ടെ രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരോടും നിത അംബാനി പ്രത്യേകമായി സംസാരിച്ചു. ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചാണ് ആരാഞ്ഞത്. കൂടാതെ ആശംസാ സന്ദേശവും കൈമാറി. ജൂൺ 5 ന് അയർലൻഡിനെതിരായാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. ജൂൺ ഒന്നിന് നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.