നിരഞ്ജനയ്ക്ക് മുന്നില്‍ പൃഥിരാജും ഇനി ഒന്നുമല്ല, റെക്കോർഡ് തുകയ്ക്ക് ഇഷ്ടനമ്പർ സ്വന്തമാക്കി; ലേലതുക 7.85 ലക്ഷം
തിരുവല്ല: ലാൻഡ് റോവർ ഡിഫൻഡറിന് ഇഷ്ട നമ്പർ വേണം. ആവശ്യക്കാർ വേറെയും ലേലം വിളി കടുത്തു. ഒടുവിൽ റെക്കോർഡ് തുകയ്ക്ക് ഇഷ്ട നമ്പർ സ്വന്തമാക്കി തിരുവല്ല സ്വദേശി. ഫാൻസി നമ്പറിനായി സംസ്ഥാനത്ത് നടന്ന ഏറ്റവും ഉയർന്ന വിലകളിലൊന്ന് നൽകിയാണ് നടുവത്ര ട്രേഡേഴ്സ് ഡയറക്ടർ നിരഞ്ജന ഇഷ്ട നമ്പറായ 7777 സ്വന്തമാക്കിയത്.
കെൽ 27 എം 7777 എന്ന നമ്പർ സ്വന്തമാക്കാനായി 50000 രൂപ അടച്ച് നാല് പേരാണ് ഇന്നലെ രാവിലെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ ഒരാൾ ലേലം തുടങ്ങിയപ്പോൾ തന്നെയും രണ്ടാമത്തെയാൾ 4.7 ലക്ഷം രൂപ ആയതോടെയും പിന്മാറി. മൂന്നാമത്തെയാൾ 7.80 ലക്ഷം രൂപ വിളിച്ചതോടെ നിരഞ്ജന 7.85 ലക്ഷം രൂപ വിളിച്ചു. ഇതോടെ ലേലം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ നടൻ പൃഥ്വിരാജ് നൽകിയത് 7.5 ലക്ഷം രൂപയായിരുന്നു. തിരുവല്ല ജോയിന്റ് ആർടി ഓഫീസിന് കീഴിൽ ഇന്നലെയാണ് കത്തിക്കയറിയ ലേലം നടന്നത്. ദേശീയപാത നിർമ്മാണത്തിന് അടക്കം മെറ്റീരിയൽ വിതരണം ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്സ്. ക്വാറി, ക്രഷർ മേഖലയിലാണ് നിരഞ്ജനയുടെ ബിസിനസ്.
2 കോടിയോളം രൂപയാണ് ലാൻഡ് റോവർ ഡിഫൻഡറിനുള്ളത്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന വാഹനമാണിത്. തിരുവനന്തപുരം സ്വദേശി കെ എസ് ബാലഗോപാലിന്റേതാണ് ഇതുവരെ കേരളത്തിലുള്ള ഏറ്റവും വിലയേറിയ ഫാൻസി നമ്പർ. 31 ലക്ഷം രൂപ മുടക്കിയാണ് കെഎൽ 01 സികെ 1 എന്ന നമ്പർ കെ എസ് ബാലഗോപാൽ സ്വന്തമാക്കിയത്.
മമ്മൂട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ അടക്കം നിരവധി താരങ്ങളാണ് ഈ വാഹനം സ്വന്തമാക്കിയിട്ടുള്ളത്. മികച്ച ഓഫ്-റോഡ് ശേഷിയുള്ള വാഹനം കൂടിയാണ് ലാൻഡ് റോവർ ഡിഫൻഡർ.