KeralaNews

നിപ മുക്തം: ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി,റിപ്പോര്‍ട്ട് ചെയ്ത കേസില്‍ നിന്നും മറ്റ് കേസുകളില്ല,നിപ പ്രതിരോധം പൂര്‍ണ വിജയം

തിരുവനന്തപുരം:കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി. ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പൂര്‍ണമായും നിപ പ്രതിരോധത്തില്‍ വിജയം കൈവരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് നിപയെ നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചത്. നിപ വൈറസിനെതിരെ ഇനിയും ജാഗ്രത തുടരണം. നിപയുമായി ബന്ധപ്പെട്ട് ആരംഭിച്ച കണ്‍ട്രോള്‍ റും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

നിപ വൈറസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രോഗം റിപ്പോര്‍ട്ട് ചെയ്ത ഉടനെ 18 കമ്മിറ്റികള്‍ രൂപീകരിച്ച് പ്രത്യേകം തയ്യാറാക്കിയ കര്‍മ്മ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും 12 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കോളേജില്‍ 80 റൂമുകള്‍ ഐസോലേഷനായി തയ്യാറാക്കുകയും ചെയ്തു.

36 മണിക്കൂറിനുള്ളില്‍ നിപ പരിശോധനയ്ക്കായി എന്‍ഐവി പൂനയുടെ സഹായത്തോടെ പിഒസി ലാബ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചു. 48 മണിക്കൂറിനുള്ളില്‍ കമ്മ്യൂണിറ്റി സര്‍വയലന്‍സ് ആരംഭിക്കുകയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അഞ്ച് പഞ്ചായത്തുകളില്‍ (കാരശ്ശേരി, കൊടിയത്തൂര്‍, മാവൂര്‍, മുക്കം, ചാത്തമംഗലം) ആര്‍ആര്‍ടി, വോളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം സര്‍വെ നടത്തി. ഒപ്പം ബോധവല്‍ക്കരണവും നല്‍കി. 16,732 വീടുകളില്‍ സര്‍വെ നടത്തി. 240 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഹോട്ട് സ്‌പോട്ട് കണ്ടെത്തി സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ പേരേയും കണ്ടുപിടിച്ചു.

എന്‍ഐവി പൂന ബാറ്റ് സര്‍വേ ടീം 103 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ചില വവ്വാലുകളില്‍ വൈറസിനെതിരായ ഐജിജി (IgG ) ആന്റിബോഡിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഇതോടൊപ്പം ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി.

കെഎംഎസ്‌സിഎല്‍ ആവശ്യത്തിനു മരുന്നുകള്‍ സ്റ്റോക്ക് ചെയ്തു. നാലു ദിവസത്തിനുള്ളില്‍ സിഡിഎംഎസ് സോഫ്റ്റ് വെയര്‍ ഇ ഹെല്‍ത്ത് മുഖേന പ്രവര്‍ത്തനക്ഷമമാക്കി. ഗവണ്‍മെന്റ്, സ്വകാര്യ ആശുപത്രികളിലുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നല്‍കി. ക്വാററ്റൈനില്‍ ഉള്ള വ്യക്തികള്‍ക്ക് മാനസിക പിന്തുണ നല്‍കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തി.

വിവിധ വകുപ്പിലെ സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍, ഡി.എം.ഒ., ഡി.പി.എം. എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ചിട്ടയായ പ്രവര്‍ത്തനം നടന്നു. പോലീസ്, സിവില്‍ സപ്ലൈസ്, തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എല്ലാവരും ആരോഗ്യ വകുപ്പുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാണ് നിപ പ്രതിരോധം വിജയത്തിലെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker