തൊടുപുഴയില്‍ വവ്വാലുകളെ പിടികൂടാന്‍ കെണികള്‍ സ്ഥാപിച്ചു
ഇടുക്കി: കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തിയ നിപ്പയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി വവ്വാലുകളെ പിടികൂടാന്‍ കെണികള്‍ സ്ഥാപിച്ചു. തൊടുപുഴയിലെത്തി പരിശോധന നടത്തിയ ശേഷം പ്രൈവറ്റ് ക്ലബിനടുത്ത് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അധികൃതരാണ് കെണികള്‍ സ്ഥാപിച്ചത്. പഴംതീനി വവ്വാലുകള്‍ താവളമടിച്ചിരിക്കുന്ന റബര്‍ തോട്ടത്തിലെത്തിയാണ് മൂന്ന് കെണികള്‍ സ്ഥാപിച്ചിരിക്കുന്നത്.
പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എ.ബി.സുദീപ്, അസിസ്റ്റന്റ് ഡയറക്ടര്‍ എം.ബി.ഗോഖലെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തൊടുപുഴയില്‍ പരിശോധനക്കായി എത്തിയിരിക്കുന്നത്. തൊടുപുഴ കൂടാതെ മുട്ടത്തും വിദ്യാര്‍ഥിയുടെ നാടായ വടക്കന്‍ പറവൂരിലെ രണ്ടിടത്തുനിന്നും വവ്വാലുകളുടെ സ്രവങ്ങള്‍ ശേഖരിക്കുന്നുണ്ട്. തുടര്‍ന്ന് ഈ സാമ്പിളുകള്‍ പൂനൈയിലെത്തിച്ച് പരിശോധന നടത്തും.