നിപ സാമ്പിള്‍ പരിശോധന ഫലം 40 മിനിറ്റില്‍ അറിയാം; ‘പോയിന്റ് ഓഫ് കെയര്‍’ സംവിധാനവുമായി എറണാകുളം മെഡിക്കല്‍ കോളേജ്
കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണ്. നിപ രോഗം സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധന ഫലം അറിയാനുള്ള കാലതാമസം അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായിരിന്നു. എന്നാല്‍ 40 മിനിറ്റില്‍ പരിശോധന ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് എറണാകുളം മെഡിക്കല്‍ കോളേജ്.
നിപ പരിശോധന നടത്തുന്നതിനുള്ള പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ (എന്‍ഐവി) സഹായത്തോടെ കളമശ്ശേരിയിലുള്ള മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ സജ്ജമാക്കി.
‘പോയിന്റ് ഓഫ് കെയര്‍’ എന്ന സംവിധാനം മെഡിക്കല്‍ കോളേജിന്റെ ലാബില്‍ എത്തിയതോടെ സാംപിളുകള്‍ മെഡിക്കല്‍ ലാബുകളിലേക്ക് അയക്കുന്നത് ഒഴിവാക്കാം. രോഗിയെ എവിടെയാണോ പ്രവേശിപ്പിച്ചിട്ടുള്ളത് അവിടെ വച്ചു തന്നെ പരിശോധന നടത്താം എന്നതാണ് ഇതിന്റെ ഗുണം. റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി പിസിആര്‍) എന്ന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മെഷിനാണു ലാബില്‍ സജ്ജമാക്കിയിട്ടുള്ളത്. പുനെയില്‍നിന്നാണ് ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും എത്തിച്ചത്.