26.2 C
Kottayam
Thursday, April 25, 2024

നിപ പ്രതിരോധത്തിനായി കുടുതല്‍ ഗവേഷണങ്ങള്‍ നടത്തണം: മുഖ്യമന്ത്രി

Must read

കൊച്ചി:വവ്വാലുകള്‍ നിപ വൈറസുകള്‍ പരത്തുന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇതേവരെയുള്ള നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പഴം തീനി വവ്വാലുകളും പന്നികളുമാണ് നിപവൈറസുകള്‍ പരത്തുന്നത്. എന്നാല്‍ ഈ ജീവികള്‍ ഇത് പരത്തുന്നത് ഏത് ഘട്ടത്തിലാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒപ്പം വൈറസിന്റെ ആയുസിനെ കുറിച്ചും പഠനങ്ങള്‍ നടക്കണം. ഇതിനായി മൃഗ സംരക്ഷണ വനം കൃഷി വകുപ്പുകള്‍ സംയുക്തമായ ശ്രമങ്ങള്‍ നടത്തണം. ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടും. ഇത്തരം സമീപനങ്ങളിലൂടെയേ രോഗ വ്യാപനം തടയാന്‍ പറ്റുകയുള്ളൂ. അത് വഴി ആവശ്യമായ പ്രതിരോധ നടപടികളും ജാഗ്രതയും നമുക്ക് മുന്‍കൂര്‍ സ്വീകരിക്കാന്‍ കഴിയും.കഴിഞ്ഞ വര്‍ഷം കോഴിക്കോടുണ്ടായപ്പോള്‍ നമ്മള്‍ സ്വീകരിച്ച ജാഗ്രതയാണ് ഇപ്രാവശ്യം തുടക്കത്തിലേ നിപയെ നിയന്ത്രിക്കാന്‍ സാധിച്ചത്. ഈ കൂട്ടായ്മയും ജാഗ്രതയും തുടരണം. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേരുടെയും രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായത് നമുക്ക് ആശ്വാസകരമാണ്. എന്നാല്‍ പൂര്‍ണ്ണ ആശ്വാസത്തിലേക്കെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അനുസരിക്കണം. ജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം. അനാവശ്യ ഭീതി പരത്തരുത്. ഭീതിപരത്തുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് നിപയെ നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് നിപ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ നമ്മള്‍ പുലര്‍ത്തിയ ജാഗ്രതയാണ് ഇപ്പോള്‍ രോഗം നിയന്ത്രിക്കാന്‍ സഹായകരമായത്. ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാരും നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വലിയ ആശങ്കയൊഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും തുടരുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീ.സെക്രട്ടറി ഡോ: രാജന്‍ കോബ്രഗ്‌ഡെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള എന്നിവര്‍ വിശദീകരിച്ചു. തൃക്കാകര നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഹൈബി ഈഡന്‍ എം.പി, എം.എല്‍.മാരായ എസ്.ശര്‍മ്മ, പി.ടി.തോമസ്, കെ.ജെ. മാക്‌സി, വി.കെ ഇബ്രാഹീം കുഞ്ഞ്, അന്‍വര്‍ സാദത്ത്, റോജി.എം.ജോണ്‍, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, എല്‍ദോസ് കുന്നപ്പിള്ളി, എം.സ്വരാജ്, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

നിപ ബാധിച്ച രോഗിയുടെ ഇപ്പോഴത്തെ ആരോഗ്യനില- കഴിഞ്ഞ രണ്ടു ദിവസത്തേക്കാള്‍ നില മെച്ചപ്പെട്ടു. ഭക്ഷണം കഴിക്കുന്നുണ്ട്. ഇന്റര്‍കോമിലൂടെ കുടംബാംഗങ്ങളുമായി സംസാരിച്ചു. പനി ഇടവിട്ട് പ്രകടമാകുന്നുണ്ട് എങ്കിലും കുറവുണ്ട്.

ഐസലേഷന്‍ വാര്‍ഡിലുള്ള രോഗികളുടെ നില- ഏഴുപേരില്‍ ആറുപേര്‍ക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാ ഫലം പ്രതീക്ഷിക്കുന്നു. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരുടെ നില-രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതേവരെ കണ്ടെത്തിയിരിക്കുന്നത് 316 പേരെയാണ്.ഇതില്‍ 255 പേരെ ഇതേവരെ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുത്തു.224പേരുടെ വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. ഇതില്‍ 33 പേരെ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തി തീവ്രനിരീക്ഷണത്തിലാണ്. 191 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്.

നിപ രോഗം കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ ഇനി മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും നടത്താം. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ അധികൃതരുടെ സഹായത്തോടെയാണ് പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ലാബില്‍ ഒരുക്കിയിരിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ മെഷീന്‍ ഉപയോഗിച്ചുള്ള ലാബ് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പ്രവര്‍ത്തന സജ്ജമായി. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പൂനെയില്‍ നിന്നും എത്തിച്ചു. 30 രോഗികളെ ഒരേ സമയം ചികിത്സിക്കാവുന്നതും എക്‌സ് റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഇ.സി.ജി, വെന്റിലേറ്റര്‍, 24 മണിക്കൂര്‍ നിരീക്ഷണം എന്നീ സൗകര്യങ്ങളും മെഡിക്കല്‍ കോളേജില്‍ തയ്യാറായി. രോഗികളെ തരംതിരിക്കാനുള്ള ട്രയാജ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week