കോഴിക്കോട്: ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍. ആറ് ദിവസം മുമ്പ് മെഡിസിന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച അറുപതുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ പോയത്.
എന്‍ഡോസ്‌കോപ്പിക്ക് മുമ്പായി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പര്‍ക്കപട്ടികയിലുള്ള 32 പേരില്‍ ഹൈ റിസ്‌ക്ക് പട്ടികയില്‍ ഡോക്ടര്‍മാര്‍ ഉള്‍പെടുന്നു. ഇതോടെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ച ഡോക്ടര്‍മാരുടെ എണ്ണം 16 ആയി. ഡിസ്ചാര്‍ജ് ചെയ്ത രോഗികളോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് രോഗികള്‍ക്കും ഒരു സ്റ്റാഫ് നഴ്സിനും കൊവിഡ് സ്ഥിരികരിച്ച സാഹചര്യത്തില്‍ ഏഴ് ഡോക്ടര്‍മാരും, 19 നഴ്സുമാരും നേരത്തെ നിരീക്ഷണത്തില്‍ പോയിരുന്നു. മെഡിക്കല്‍ കോളജില്‍ സന്ദര്‍ശക വിലക്ക് ഉള്‍പെടെ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഓഗസ്റ്റ് മൂന്ന് വരെ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചു.