കോട്ടയം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പരുസ്‌കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് നിദ അര്‍ഹയായത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്‌ക്കാരങ്ങള്‍ ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് സുല്‍ത്താന്‍ബത്തേരിയിലെ ഗവ സര്‍വ്വജന സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റത്. തനിക്ക് പാമ്പ് കടിയേറ്റതാണ് തന്നെ വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ ഷഹ്‌ല പറഞ്ഞെങ്കിലും അധ്യാപകര്‍ രക്ഷിതാവ് വരുന്നത് വരെ കാത്തു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പിതാവ് എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സര്‍വജന സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിദയാണ് ഷഹ്‌ലയ്ക്ക് സംഭവിച്ചതെന്താണെന്നും അധ്യാപകന്റെ അനാസ്ഥയെ പറ്റിയും പുറം ലോകത്തെ അറിയിച്ചത്. അതോടൊപ്പം തന്നെ സ്‌കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും നിദ ഫാത്തിമ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് നിദ ഫാത്തിമയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. കഴിഞ്ഞ മാസം ബത്തേരി മൈസൂര്‍ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സുല്‍ത്താന്‍ബത്തേരി മടപ്പള്ളി വീട്ടില്‍ ഫൈസല്‍ അലി റഹ്മാന്റെയും ഉമ്മുകുല്‍സുവിന്റെയും പുത്രിയാണ് നിദ ഫാത്തിമ.