ചെന്നൈ: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐയെ വെടിവച്ച് കൊന്ന സംഭവത്തിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. സ്പെഷ്യല്‍ എസ്.ഐ ആയിരുന്ന വില്‍സന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് ഭീകരബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കേസ് എന്‍.ഐ.എയ്ക്ക് വിട്ടത്.
കേസിലെ പ്രതികളായ ഷെയ്ഖ് ദാവൂദ്, വെടിയുതിര്‍ത്ത മുഹമ്മദ് ഷമീം, തൗഫീഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം എട്ടിനാണ് കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐ വില്‍സണെ തീവ്രവാദികള്‍ വെടിവച്ച് കൊന്നത്. തീവ്രവാദ സംഘടനയുടെ സാന്നിധ്യം അറിയിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരായ പ്രതിഷേധ സൂചകവുമായുമാണ് കൊലപാതകം നടത്തിയത്.