‘ഫ്‌ളാറ്റ് ബെല്ലി’ക്കായി ദിവസങ്ങളോളം ഭക്ഷണം ഒഴിവാക്കി, ഒടുവില്‍ തിരിച്ചറിഞ്ഞു; അനുഭവം പങ്കുവെച്ച് നടി
ഗ്ലാമര്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നവരുടെ ശരീരം പെര്‍ഫെക്റ്റ് ആയിരിക്കണമെന്നു കരുതുന്നവരുണ്ട്. വടിവൊത്ത മിനുസമാര്‍ന്ന തിളക്കമുള്ള ചര്‍മത്തോടെ ഉള്ളവരായിരിക്കണം താരങ്ങള്‍ എന്നു കരുതുന്നവര്‍. എന്നാല്‍ അവരും മനുഷ്യരാണ്, അവര്‍ക്കും സ്‌ട്രെച്ച് മാര്‍ക്കുകളും വണ്ണവുമെല്ലാം ഉണ്ടാകാം. ആളുകളുടെ നിരന്തര വിമര്‍ശനവും നിരീക്ഷണവും മൂലം വണ്ണത്തെക്കുറിച്ച് ഓര്‍ത്ത് ഭയപ്പെട്ട നാളുകളെക്കുറിച്ചും അതിനായി ആരോഗ്യകരമായ ജീവിതശൈലി വെടിഞ്ഞതിനെക്കുറിച്ചും പറയുകയാണ് ടെലിവിഷന്‍ താരം നിയ ശര്‍മ.
അടുത്തിടെ പുറത്തിറക്കിയ സംഗീത വീഡിയോക്കു വേണ്ടി ശരീരം തയ്യാറെടുത്തതിനെക്കുറിച്ച് പങ്കുവെക്കുകയായിരുന്നു നിയ ശര്‍മ. സൈസ് സീറോ ലുക്ക് വരിക്കാന്‍ ഭക്ഷണം പോലും ഉപേക്ഷിച്ച കാലത്തെക്കുറിച്ചാണ് നിയ പങ്കുവെക്കുന്നത്. നൃത്തരംഗത്തിനായി നല്‍കിയ ഔട്ട്ഫിറ്റ് തന്റെ വയറു പ്രദര്‍ശിപ്പിക്കുന്നതായിരുന്നു. ക്യാമറയില്‍ വയറിന്റെ ഭാഗം ഒട്ടിയിരിക്കാന്‍ ഭക്ഷണം കഴിക്കുന്നതേ നിര്‍ത്തുകയായിരുന്നു.
വയറു ചാടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. ഒരിനം കടലയും തുച്ഛമായ അളവിലുള്ള ഭക്ഷണവുമാണ് ഏഴുദിവസത്തോളം കഴിച്ചത്. റിഹേഴ്‌സലിനിടെ തലചുറ്റി വീഴുകവരെ ചെയ്തു. വിശപ്പോടെ കിടന്നുറങ്ങും, വിശപ്പോടെ എഴുന്നേല്‍ക്കും. ജിമ്മിലേക്കും വിശപ്പോടെ പോവും. വൈകാതെ വിശപ്പും നഷ്ടപ്പെടുന്ന അവസ്ഥയായി. ഒപ്പം കഠിനമായി വര്‍ക്കൗട്ടും ചെയ്യുകയായിരുന്നു.
ആളുകള്‍ക്ക് വീഡിയോ ഇഷ്ടമാകില്ലേ തന്നെ സ്‌നേഹിക്കില്ലേ എന്നെല്ലാമായിരുന്നു മനസ്സില്‍. രാത്രിയും പകലും നിര്‍ത്താതെ ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യുകയും ചെയ്തു- നിയ പറയുന്നു. പിന്നീട് ഏറെ സമയമെടുത്താണ് സ്വന്തം ശരീരത്തിലെ കുറവുകളെ സ്‌നേഹിക്കാന്‍ പഠിച്ചതെന്നും നിയ പറയുന്നു.
വിനോദരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പെര്‍ഫെക്റ്റ് ശരീരത്തിനായി ആകുലപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിയയുടെ അനുഭവം എന്നാണ് ആരാധകരുടെ കമന്റുകള്‍. ഇത്തരം ആശങ്കകള്‍ മാനസിക സമ്മര്‍ദം കൂട്ടുകയും നിയന്ത്രണമില്ലാത്ത ഡയറ്റുകള്‍ മൂലം ആരോഗ്യത്തെ വിപരീതമായി ബാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ശരീരത്തിനു വേണ്ട പോഷകങ്ങള്‍ ലഭിക്കാതിരിക്കുന്നത് പ്രതിരോധശേഷിയെ ഉള്‍പ്പെടെ വിപരീതമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.