മാവോയിസ്റ്റ് സാന്നിധ്യം; കോഴിക്കോട് എന്‍.ഐ.എ റെയ്ഡ്; രണ്ടു പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോട് ചെറുകുളത്തൂരില്‍ എന്‍.ഐ.എ റെയ്ഡ്. എന്‍.ഐ.എ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിയങ്ങാട് ഭാഗത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ഒപ്പം വയനാട്ടില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി.ജലീലിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
പാണ്ടിക്കാട്ടെ തറവാട്ട് വീട്ടിലും ജലീലിന്റെ കുടുംബം താമസിക്കുന്ന വീട്ടിലുമാണ് പരിശോധന. ലോക്ക്ഡൗണ്‍ ചട്ടം പാലിക്കാതെ മുപ്പതോളം പോലീസുകാര്‍ വീട്ടില്‍ അതിക്രമിച്ച് കടന്നെന്ന് സഹോദരന്‍ റഷീദ് ആരോപിച്ചു.
അതേസമയം, വീട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് മലപ്പുറം എസ്പി യു. അബ്ദുല്‍ കരീം പറഞ്ഞു. കോഴിക്കോട്ട് എന്‍ഐഎ സംഘം രണ്ടു യുവാക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍, താഹ എന്നിവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ് ഇവര്‍. ഈ കേസില്‍ രണ്ട് ദിവസം മുമ്പാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.