ന്യൂഡല്‍ഹി: കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്ത് വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ പിടിയിലായ ഏഴ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ഭീകരസംഘടനയായ ഐ.എസ്.ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനായി പണം സമാഹരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
പിടിയിലായ ഏഴ് പേരും മികച്ച വിദ്യാഭ്യാസം നേടിയവരാണ്. ഇവര്‍ മഹാരാഷ്ട്രയിലെ പുണെയില്‍ യോഗം ചേര്‍ന്ന് സംഘത്തിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ സംഘത്തിലേക്ക് പുതിയ ആളുകളെ എത്തിക്കാന്‍ പദ്ധതിയിട്ടത്.
സ്‌ഫോടകവസ്തുവായ ഐ.ഇ.ഡി. നിര്‍മ്മിക്കാനുള്ള രാസവസ്തുക്കള്‍ വാങ്ങാനായി കോഡ് നാമങ്ങളാണ് ഇവര്‍ ഉപയോഗിച്ചത്. സള്‍ഫ്യൂരിക് ആസിഡിന് വിനാഗിരി, അസറ്റോണിന് പനിനീര്‍, ഹൈഡ്രജന്‍ പെറോക്‌സൈഡിന് സര്‍ബ്ബത്ത് എന്നിങ്ങനെയാണ് ഇവര്‍ ഉപയോഗിച്ച കോഡ് നാമങ്ങള്‍.
‘കാഫിറുകളോടുള്ള പ്രതികാരം’ എന്ന തലക്കെട്ടിലുള്ള രേഖകളും എന്‍.ഐ.എ. ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇന്ത്യയിലെ ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് വിശദീകരിക്കുന്ന രേഖകളാണ് ഇത്. മുസ്‌ലിങ്ങളെ ദ്രോഹിക്കുന്ന ഇതരവിഭാഗത്തിൽപ്പെട്ടവരോട് പ്രതികാരം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് എന്‍.ഐ.എ. പറയുന്നു.
കേരളം, കര്‍ണാടക, ഗോവ, തെലങ്കാന, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ യാത്രനടത്തിയിട്ടുണ്ട്. സ്‌ഫോടനങ്ങള്‍ നടത്താനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനായിരുന്നു ഈ യാത്രകളെന്നും എന്‍.ഐ.എ. പറയുന്നു. പ്രതികള്‍ക്ക് വിദേശബന്ധമുണ്ടെന്നും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഇവര്‍ കൃത്യമായി വിദേശത്തേക്ക് അറിയിച്ചിരുന്നുവെന്നും എന്‍.ഐ.എ. ആരോപിക്കുന്നു.