റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് തകര്‍പ്പന്‍ വിജയം. ബൊളീവിയയെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ബ്രസീലിനായി സൂപ്പര്‍ താരം നെയ്മറും റോഡ്രിഗോയും ഇരട്ട ഗോളുമായി തിളങ്ങി. മത്സരത്തിലെ പ്രകടനത്തിന്റെ മികവില്‍ നെയ്മര്‍ പെലെയുടെ പേരിലുള്ള റെക്കോഡ് തകര്‍ത്തു.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ മികച്ച ടീമിനെയാണ് കളത്തിലിറക്കിയത്. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ നെയ്മര്‍ 61-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും വലകുലുക്കി. 24, 53 മിനിറ്റുകളിലാണ് റോഡ്രിഗോയുടെ ഗോളുകള്‍ പിറന്നത്. 47-ാം മിനിറ്റില്‍ റാഫീന്യയും ലക്ഷ്യം കണ്ടു. ബൊളീവിയയ്ക്ക് വേണ്ടി 78-ാം മിനിറ്റില്‍ വിക്ടര്‍ അബ്രെഗോ ആശ്വാസ ഗോള്‍ നേടി.
ഈ മത്സരത്തിലെ പ്രകടനത്തോടെ ബ്രസീലിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ പേരിലുള്ള റെക്കോഡ് നെയ്മര്‍ മറികടന്നു. മത്സരത്തില്‍ 61-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ നെയ്മറുടെ ഗോളുകളുടെ എണ്ണം 78 ആയി ഉയര്‍ന്നു. പെലെയുടെ പേരില്‍ 77 ഗോളുകളാണുള്ളത്. ഇന്‍ജുറി ടൈമിലും ഗോളടിച്ചതോടെ താരത്തിന്റെ അക്കൗണ്ടില്‍ നിലവില്‍ 79 ഗോളുകളുണ്ട്.
62 ഗോളുമായി റൊണാള്‍ഡോയാണ് മൂന്നാമത്. 55 ഗോളുകള്‍ നേടിയ റൊമാരിയോ, 48 ഗോളുകള്‍ അടിച്ച സികോ എന്നിവര്‍ നാല് അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 52 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് നെയ്മര്‍ തകര്‍ത്തത്.
ഈ വിജയത്തോടെ ബ്രസീല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. മൂന്ന് പോയന്റാണ് ടീമിനുള്ളത്. യുറുഗ്വായ്, അര്‍ജന്റീന, കൊളംബിയ എന്നീ ടീമുകള്‍ക്കും മൂന്ന് പോയന്റ് വീതമുണ്ടെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രസീല്‍ ഒന്നാമതെത്തിയത്.