ദുബായ്:ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ബാറ്റിങ് മറന്ന് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 110 റൺസ് മാത്രം.അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളർമാർ ഇന്ത്യൻ ബാറ്റർമാരെ അനങ്ങാൻ അനുവദിച്ചില്ല. ഇന്നിങ്സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളർമാരുടെ മികവ് എടുത്ത് കാട്ടുന്നു.
19 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 26 റൺസോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. ഇഷാൻ കിഷൻ – കെ.എൽ രാഹുൽ ഓപ്പണിങ് സഖ്യത്തിന് കൂട്ടിച്ചേർക്കാനായത് 11 റൺസ് മാത്രം. നാലു റൺസെടുത്ത കിഷനെ മൂന്നാം ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് മടക്കി.
പിന്നാലെയെത്തിയ രോഹിത് ആദ്യ പന്തിൽ തന്നെ പുറത്താകേണ്ടതായിരുന്നു. രോഹിത്തിന്റെ ക്യാച്ച് പക്ഷേ ആദം മിൽനെ നിലത്തിട്ടു. ആറാം ഓവറിൽ കെ.എൽ രാഹുലിനെ മടക്കി ടിം സൗത്തി ഇന്ത്യയെ ഞെട്ടിച്ചു. 16 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 18 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്.
ഇതിനു പിന്നാലെ പ്രതീക്ഷ നൽകിയ രോഹിത് ശർമ എട്ടാം ഓവറിൽ മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 14 പന്തിൽ നിന്ന് ഒരു സിക്സും ഫോറുമടക്കം 14 റൺസെടുത്ത രോഹിത്തിനെ ഇഷ് സോദി മാർട്ടിൻ ഗുപ്റ്റിലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ വിരാട് കോലിയേയും മടക്കിയ സോദി ഇന്ത്യയുടെ പ്രതീക്ഷകൾ ഇല്ലാതാക്കി. 17 പന്തിൽ നിന്ന് വെറും ഒമ്പത് റൺസ് മാത്രമാണ് കോലിക്ക് നേടാനായത്.
തുടർന്ന് ക്രീസിലൊന്നിച്ച ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ 70 റൺസ് വരെയെത്തിച്ചു. 19 പന്തുകൾ നേരിട്ട് 12 റൺസ് മാത്രമെടുത്ത പന്തിനെ ആദം മിൽനെ ബൗൾഡാക്കി.24 പന്തിൽ നിന്ന് 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ 19-ാം ഓവറിൽ ബോൾട്ട് മടക്കി. ഒരു ബൗണ്ടറി മാത്രമാണ് വെടിക്കെട്ട് താരമായ ഹാർദിക്കിന് നേടാനായത്.
നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെൻഡ് ബോൾട്ടാണ് കിവീസ് ബൗളർമാരിൽ തിളങ്ങിയത്. നാല് ഓവറിൽ വെറും 17 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു.നേരത്തെ നിർണായക മത്സരത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരുന്നു. ഇന്ത്യയ്ക്കെതിരേ ന്യൂസീലൻഡ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരം ഇഷാൻ കിഷൻ കളിക്കും. ഭുവനേശ്വർ കുമാറിന് പകരം ഷാർദുൽ താക്കൂറും ടീമിലെത്തി.