ദിസ്പൂര്‍: പ്രസവശേഷം എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് കുഞ്ഞിന് എത്രഭാരമുണ്ടെന്നത്. ആരോഗ്യമുള്ള കുഞ്ഞിന്റെ ശരാശരി ഭാരം ഏകദേശം 3.4 കിലോ ആയിരിക്കുമെന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. എന്നാല്‍ അസമില്‍ കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞിന്റെ ഭാരം 5.2 കിലോഗ്രാമാണ്. ഇതോടെ അസമിലെ ഏറ്റവും ഭാരം കൂടിയ നവജാതു ശിശുവായി മാറി ഈ കുഞ്ഞ്.
27കാരിയായ ജയാ ദാസാണ് കുഞ്ഞിന് ജന്മം നല്‍കിയത്. സില്‍ചാറിലെ കനക്പൂര്‍ പ്രദേശത്ത് താമസിക്കുന്ന യുവതിയെ ജൂണ്‍ 17 ന് കാച്ചാര്‍ ജില്ലയിലെ സതീന്ദ്ര മോഹന്‍ ദേവ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവം സിസേറിയനായിരുന്നു.
യുവതിയുടെ പ്രസവം വൈകിയായിരുന്നെന്നും കുഞ്ഞിന് ഇത്രഭാരമുണ്ടെന്ന് തിരിച്ചറിയാന്‍ ഞങ്ങള്‍ക്കും കഴിഞ്ഞില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയില്‍ യുവതിയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. സാധാരണനിലയില്‍ അസമില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഭാരം രണ്ടരയ്ക്കും മൂന്നും കിലോയ്ക്കും ഇടയിലായിരിക്കും.
നവജാതുശിശുക്കളുടെ ഭാരം 5 കിലോ എന്നത് ആപൂര്‍വമായി മാത്രം സംഭവിക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്. ആദ്യത്തെ കുഞ്ഞിന്റെ ഭാരം 3.8 കിലോഗ്രാമായിരുന്നു.