പൂച്ചാക്കൽ(ആലപ്പുഴ): ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ കേസിൽ കുഞ്ഞിന്റെ മരണകാരണം എന്താണെന്നതിനു വേണ്ടത്ര തെളിവുകൾ ലഭിക്കാതെ പോലീസ്. ഇത്തരം സംഭവങ്ങളിൽ മരണകാരണം കണ്ടെത്തുന്നതിനെ സംബന്ധിച്ച് ഡോക്ടർമാരുമായും ചോദിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പൂച്ചാക്കൽ എസ്.എച്ച്.ഒ. എൻ.ആർ. ജോസ് പറഞ്ഞു. മൃതദേഹത്തിന്റെ രാസപരിശോധനാ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ് പോലീസ്.
കുഞ്ഞിന്റെ അമ്മയും ഒന്നാം പ്രതിയുമായ പാണാവള്ളി 13-ാം വാർഡ് ആനമൂട്ടിൽച്ചിറ ഡോണാ ജോജി(22)യെ രണ്ടുദിവസത്തെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷം കൊട്ടാരക്കര ജയിലിലേക്കു മടക്കിയയച്ചു. ഡോണാ ജോജിയെ അവരുടെ വീട്ടിൽ കൊണ്ടുചെന്ന് പോലീസ് ബുധനാഴ്ച രാവിലെ തെളിവെടുത്തു. പരിശോധനയ്ക്കു പോയ അമ്പലപ്പുഴയിലെ സ്വകാര്യ ലാബ്, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും എത്തിച്ച് തെളിവെടുപ്പു പൂർത്തിയാക്കി.
കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞെന്നും പിന്നീട് അനക്കമില്ലാതായെന്നുമുള്ള ഡോണയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊണ്ടുപോകുമ്പോൾ കുഞ്ഞിനു ജീവനില്ലായിരുന്നുവെന്നാണ് രണ്ടാം പ്രതിയും ഡോണയുടെ കാമുകനുമായ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ കൂട്ടുകാരനും മൂന്നാം പ്രതിയുമായ തകഴി കുന്നുമ്മ ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവർ മൊഴിനൽകിയത്.
കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. അമിതമായ രക്തസ്രാവം ഉണ്ടായതുകൊണ്ടാണ് ഡോണ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. പ്രസവകാര്യം മറച്ചുവെച്ച് വയറുവേദനയെന്ന രീതിയിലാണ് ആശുപത്രിയിലെത്തിയത്. സംശയംതോന്നിയ ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൊടുത്തുവിട്ടെന്ന് ഡോണ ഡോക്ടർമാരോട് പറഞ്ഞിരുന്നു. തോമസ് ജോസഫും അശോക് ജോസഫും ആലപ്പുഴ ജയിലിലാണ്.