ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ചിത്രമിതാണ്; ബഹുബലിയെയും കെജിഎഫിനെയും പിന്നിലാക്കി തേരോട്ടം
മുംബൈ: അല്ലു അർജുനും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂൾ ബോക്സോഫീസില്‍ വന്‍ തരംഗമാണ് ഉണ്ടാക്കിയത്. ഒടുവില്‍ ജനുവരി 30ന് ചിത്രം ഒടിടിയിലും റിലീസ് ചെയ്തു.
അല്ലു അർജുനെ മികച്ച നടനുള്ള ദേശീയ അവാർഡ് (2023) നേടിയ പുഷ്പ: ദി റൈസ് (2021) എന്ന സിനിമയുടെ തുടർച്ചയായിരുന്നു ഡിസംബര്‍ 5ന് പുറത്തിറങ്ങിയ ചിത്രം. ഫസ്റ്റ്ലുക്ക് വെളിപ്പെടുത്തിയത് മുതൽ തന്നെ വന്‍ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു പുഷ്പ 2.
ബോക്‌സ് ഓഫീസിൽ അമ്പരപ്പിക്കുന്ന റെക്കോഡുകള്‍ രേഖപ്പെടുത്തിയ പുഷ്പ 2 ബുക്ക് മൈ ഷോയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ ആളുകൾ ടിക്കറ്റെടുത്ത ചിത്രവുമായി മാറി. ഇതേക്കുറിച്ച് വെളിപ്പെടുത്തിയത് ബുക്ക്‌മൈഷോയിലെ സിനിമാസിന്‍റെ സിഒഒ ആശിഷ് സക്‌സേന തന്നെയാണ്.
“പുഷ്പ 2: ദി റൂൾ ബുക്ക്‌മൈഷോയിലെ സിനിമാറ്റിക് നാഴികക്കല്ലുകളെ പുനർനിർവചിച്ച ചിത്രമാണ്. 20 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്‍റെതായി ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റത്. കെജിഎഫ് ചാപ്റ്റർ 2-നെ മറികടന്ന് ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട സിനിമയായി പുഷ്പ 2 മാറി” ആശിഷ് സക്‌സേന പറയുന്നു.
പ്രധാന മൈട്രോ നഗരങ്ങളിലും എ ടയര്‍ നഗരങ്ങള്‍ക്കും പുറമേ സിംഗിള്‍ സ്ക്രീനുകളില്‍ പോലും 35 ശതമാനത്തോളം ടിക്കറ്റ് വില്‍പ്പന പുഷ്പ 2 വഴി കൂടിയെന്നാണ് ബുക്ക് മൈ ഷോ പറയുന്നത്.
മുൻകൂർ വിൽപ്പനയുടെ തുടക്കം മുതൽ തന്നെ പുഷ്പ 2: ദി റൂൾ വന്‍ വില്‍പ്പനയാണ് ഉണ്ടാക്കിയത്. അഡ്വാന്‍സ് സെയിലിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ 107,000 ടിക്കറ്റുകൾ ചിത്രത്തിന്‍റെതായി വിറ്റഴിച്ചു, ബാഹുബലി 2 പോലുള്ള ഐക്കണിക് ബ്ലോക്ക്ബസ്റ്ററുകൾ സ്ഥാപിച്ച മുൻ റെക്കോർഡുകളെയാണ് അല്ലു അര്‍ജുന്‍ ചിത്രം തകര്‍ത്തത്.