മുംബൈ: ലോക്ക് ഡൗണ്‍ കാലത്തും റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി പുതിയ നിക്ഷേപകര്‍. ഫേസ്ബുക്കുമായി 43,574 കോടി രൂപയുടെ കരാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് 5,655.75 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിലേക്ക് നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.
ജിയോയില്‍ 1.15 ശതമാനം ഓഹരി അവര്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്ഫോമുകളുടെ മൂല്യം 4.90 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.15 ലക്ഷം കോടി രൂപയുമാകും.
സില്‍വര്‍ ലേക്കിന്റെ മറ്റ് നിക്ഷേപങ്ങളില്‍ എയര്‍ബണ്‍ബി, അലിബാബ, ആന്റ് ഫിനാന്‍ഷ്യല്‍, ആല്‍ഫബെറ്റിന്റെ വെര്‍ലി ആന്‍ഡ് വേമോ യൂണിറ്റുകള്‍, ഡെല്‍ ടെക്‌നോളജീസ്, ട്വിറ്റര്‍, കൂടാതെ നിരവധി ആഗോള സാങ്കേതിക കമ്പനികളും ഉള്‍പ്പെടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) പൂര്‍ണ ഉടമസ്ഥതയിലാണ് ജിയോ പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനം.
ഫേസ്ബുക്കിന് 10% ഓഹരി വിറ്റ ശേഷം, കടം കുറയ്ക്കുന്നതിന് സമാനമായ വലിപ്പത്തിലുള്ള കരാറിനായി മറ്റ് തന്ത്രപ്രധാന, സാമ്പത്തിക നിക്ഷേപകരുമായി ചര്‍ച്ച നടത്തുകയാണെന്ന് റിലയന്‍സ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.