ബഹിരാകാശം കീഴടക്കാൻ മസ്കിന് പിന്നാലെ ജെഫ് ബെസോസും, ന്യൂ ഗ്ലെന്നിന്‍റെ പുത്തൻ റോക്കറ്റ് വിക്ഷേപണം വിജയം
ന്യൂയോർക്ക്: ജെഫ് ബെസോസിന്‍റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്‍റെ പുത്തൻ റോക്കറ്റ് ന്യൂ ഗ്ലെന്നിന്‍റെ ആദ്യ വിക്ഷേപണം വിജയം. ഇന്ത്യൻ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.33 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറൽ ലോഞ്ച് കോംപ്ലക്സിൽ നിന്നായിരുന്നു വിക്ഷേപണം. ബ്ലൂ ഒറിജിന്‍റെ തന്നെ ബ്ലൂ റിംഗ് ഉപഗ്രഹത്തിന്‍റെ പ്രോട്ടോട്ടൈപ്പാണ് ആദ്യ ദൗത്യത്തിൽ ന്യൂ ഗെൻ ബഹിരാകാശത്ത് എത്തിച്ചത്.
വിക്ഷേപണം വിജയിച്ചെങ്കിലും പദ്ധതിയിട്ടത് പോലെ റോക്കറ്റിന്റെ ഒന്നാം ഘട്ടത്തെ വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഇത് കൂടി വിജയിച്ചിരുന്നെങ്കിൽ പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതിക വിദ്യ സ്വായത്തമാക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാകുമായിരുന്നു ബ്ലൂ ഒറിജിൻ. 98 മീറ്റർ ഉയരവും ഏഴ് മീറ്റർ വ്യാസവുമുള്ള വമ്പൻ റോക്കറ്റാണ് ന്യൂഗ്ലെൻ.
സ്പേസ് എക്സിന്‍റെ സ്റ്റാർഷിപ്പിനോളം വരില്ലെങ്കിലും ഫാൽക്കൺ 9, ഫാൽക്കൺ 9 ഹെവി എന്നീ റോക്കറ്റുകളുമായി വിപണയിൽ മത്സരിക്കാനുള്ള കെൽപ്പ് ന്യൂ ഗ്ലെന്നിനുണ്ട്. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് നാൽപ്പത്തിയ്യായിരം കിലോഗ്രാമും ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് പതിമൂവായിരത്തി അറുന്നൂറ് കിലോഗ്രാമും അയക്കാൻ ഈ റോക്കറ്റിനാകുമെന്നതാണ് സവിശേഷത.