News

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇനി ഒരു കൈയ്യും ഉയരില്ല; വധശിക്ഷയടക്കം നല്‍കുന്ന നിയമം വരുന്നു

മുംബൈ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പലവിധ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ച് വരുകയാണ്. തിരികെ പ്രതികരിക്കാത്തവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന അത്തരം അധമന്മാര്‍ക്ക് ഇനി മഹാരാഷ്ട്രയില്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. ഉദ്ദവ് താക്കറെ സര്‍ക്കാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ക്കെതിരെ കഠിന ശിക്ഷ ലഭിക്കുന്ന ഒരു നിയമത്തിന്റെ കരട് തയ്യാറാക്കി കഴിഞ്ഞു.

ശക്തി ആക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ആക്ടില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ പരമാവധി വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതല്ലാത്ത പക്ഷം ജീവപര്യന്തമോ ഭാരിച്ച പിഴയോ ഈടാക്കാനാണ് കരടില്‍ ശുപാര്‍ശ ചെയ്യുന്നത്. ശക്തി നിയമം നടപ്പാക്കാനുള്ള പ്രത്യേക കോടതിയും അതിനുളള പ്രവര്‍ത്തന സംവിധാനം സ്ഥാപിക്കാനുള്ള നിയമവും പാസാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡിസംബര്‍ 14-15 തീയതികളില്‍ കൂടുന്ന ശൈത്യകാല നിയമസഭ സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പാസാക്കിയ ദിശ നിയമത്തിനെ പിന്‍പറ്റിയാണ് മഹാരാഷ്ട്രയും ഇത്തരം നിയമം കൊണ്ടുവരുന്നത്. പൊതുമരാമത്ത് മന്ത്രി അശോക് ചവാന്റെ നേതൃത്വത്തിലെ ക്യാബിനറ്റ് സബ് കമ്മിറ്റിയെയാണ് നിയമം കൊണ്ടുവരാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. നിയമസഭയുടെ ഇരുസഭയിലേക്കും അയച്ച് അംഗീകാരത്തിന് ശേഷം നിയമം അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിനും പ്രസിഡന്റിനും നല്‍കും.

ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ ശിക്ഷാ നിയമം,പോക്സോ ആക്ടുകളുടെ പരിഷ്‌കരണമാണ് ഈ ബില്‍ ആവശ്യപ്പെടുന്നത്. ഇത്തരം കേസുകള്‍ അന്വേഷിക്കാനും വിചാരണക്കും പ്രത്യേക പോലീസും കോടതിയും സ്ഥാപിക്കാന്‍ വ്യവസ്ഥയുണ്ട്. ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പിഴശിക്ഷയാണ് ഏര്‍പ്പെടുത്തുക. മുഖത്ത് പ്‌ളാസ്റ്റിക് സര്‍ജറി നടത്താനും പുതുക്കാനും ഈ തുക ഉപയോഗിക്കാം. ഗൗരവകരമായ കേസുകള്‍ ക്യാമറയില്‍ രേഖപ്പെടുത്തുകയും ഗുരുതര പരുക്കുള്ള ഇരയുടെ വീഡിയോ തെളിവ് ശേഖരിക്കുകയും ചെയ്യും.

സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താല്‍ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുകയോ രണ്ട് വര്‍ഷത്തേക്ക് തടവ് ശിക്ഷ ലഭിക്കുകയോ ചെയ്യാം. ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്തുള്ളവരുടെ പട്ടിക തയ്യാറാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker