FootballNewsSports

പകരക്കാരനായി ഇറങ്ങി രക്ഷകനായി വീണ്ടും വൗട്ട് വെഗോര്‍സ്റ്റ്; പോളണ്ടിനെ വീഴ്ത്തി നെതര്‍ലന്‍ഡ്സിന് വിജയത്തുടക്കം

മ്യൂണിക്: യൂറോ കപ്പില്‍ പകരക്കാരനായി ഇറങ്ങി നെതര്‍ലന്‍ഡ്സിന്‍റെ രക്ഷകനായി വീണ്ടും വൗട്ട് വെഗോര്‍സ്റ്റ്. പോളണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ 83-ാം മിനിറ്റില്‍ വെഗോര്‍സ്റ്റ് നേടിയ ഗോളില്‍ പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി നെതര്‍ലന്‍ഡ്സ് വിജയത്തുടക്കമിട്ടു. ആദ്യ പകുതിയില്‍ ആദം ബുക്സയുടെ ഗോളില്‍ മുന്നിലെത്തി നെതര്‍ലന്‍ഡ്സിനെ ഞെട്ടിച്ച പോളണ്ടിനെ കോഡി ഗാക്പോയുടെ ഗോളിലാണ് നെതര്‍ലന്‍ഡ്സ് സമനിലയില്‍ പിടിച്ചത്.

കളിയുടെ തുടക്കത്തില്‍ ഒട്ടേറെ അവസരങ്ങള്‍ ഒരുക്കിയെടുത്തത് നെതര്‍ലന്‍ഡ്സായിരുന്നു.എന്നാല്‍ കളിയുടെ ഗതിക്ക് എതിരായി പതിനാറാം മിനിറ്റില്‍ സെലെന്‍സ്കിയുടെ ഇന്‍സ്വിഗിംഗ് കോര്‍ണറില്‍ നിന്ന് ആദം ബുക്സ പോളണ്ടിനെ മുന്നിലെത്തിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സ് ഞെട്ടി. ഗോളടിച്ചതിന്‍റെ ആവേശത്തില്‍ പിന്നീട് ആക്രമിച്ചു കളിച്ചത് പോളണ്ടായിരുന്നു. ഗോളടിച്ചതിന് പിന്നാലെ ലീഡുയര്‍ത്താന്‍ പോളണ്ടിന് വീണ്ടും സുവര്‍ണാവസരം ലഭിച്ചു. സെലന്‍സ്കിയുടെ ഷോട്ട് പക്ഷെ നെതര്‍ലന്‍ഡ്സ് നായകന്‍ വിര്‍ജില്‍ വാന്‍ ഡിക്ക് രക്ഷപ്പെടുത്തി.

എന്നാല്‍ 29-ാം മിറ്റില്‍ കോഡി ഗാക്പോയുടെ ഷോട്ട് ഡിഫ്ലക്ട് ചെയ്ത് പോളണ്ട് വലയിലെത്തിയപ്പോള്‍ ഗോള്‍ കീപ്പര്‍ വോജിയെക്ക് സെസ്നിക്ക് കാഴ്ചക്കാരനാകാനെ കഴിഞ്ഞുള്ളു. സമനില ഗോളിന്‍റെ ആവേശത്തില്‍ പിന്നീട് നെതര്‍ലന്‍ഡ്സ് ആക്രമണങ്ങള്‍ നെയ്തെങ്കിലും ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോളൊഴിഞ്ഞു നിന്നു.മത്സരത്തിലാകെ 21 ഷോട്ടുകളാണ് നെതര്‍ലന്‍ഡ്സ് പോളണ്ട് പോസ്റ്റിലേക്ക് പായിച്ചത്. ഒടുവില്‍ 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ വെര്‍ഗോസ്റ്റ് ഒരിക്കല്‍ കൂടി നെതര്‍ലന്‍ഡ്സിന്‍റെ രക്ഷക്കെത്തി.

83-ാം മിനിറ്റില്‍ ഗോള്‍ നേടിയ വെര്‍ഗോസ്റ്റ് നെതര്‍ലന്‍ഡ്സിന് നിര്‍ണായക ലീഡ് സമ്മാനിച്ചു. പിന്നാലെ സമനില ഗോളിനായി പോളണ്ട് ആക്രമണം കനപ്പിച്ചു. ഇഞ്ചുറി ടൈമില്‍ പോളണ്ട് താരം സ്വിഡെര്‍സ്കിയും പെട്രോവ്സ്കിയും ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ പകുതിയില്‍ സമനില ഗോള്‍ നേടുകയും അഞ്ച് ഷോട്ടുകള്‍ പോസ്റ്റിലേക്ക് പായിക്കുകയും ചെയ്ത ക്ലോഡി ഗാക്പോ മൂന്ന് നിര്‍ണായക പാസുകള്‍ നല്‍കി നെതര്‍ലന്‍ഡ്സിന്‍റെ വിജയശില്‍പിയായി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button