KeralaNews

കേരളത്തില്‍ അവഗണന,സഞ്ജു തമിഴ്‌നാട്ടിലേക്കോ? ചര്‍ച്ചകള്‍ കൊഴുക്കുന്നു

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വേണ്ടി ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് സഞ്ജു സാംസണ്‍. ഈ മാസം ആദ്യം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തെ നയിച്ച സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേരളത്തിനായി കളിക്കാന്‍ തയ്യാറാണെന്ന് കേരള ക്രിക്കറ്റ് ബോര്‍ഡിനെ സഞ്ജു അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ കെസിഎ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഡിസംബര്‍ 13 മുതല്‍ 17 വരെ വയനാട്ടില്‍ നടന്ന പരിശീലന ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് 15 അംഗ ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതെന്ന് കെസിഎ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു

ക്രിസ്മസ് അവധിക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ താരത്തിന്റെ മുട്ടുകാലിന് പരിക്കാണെന്നുള്ള വിവരങ്ങളും പുറത്തുവന്നു. അതിനെല്ലാം പിന്നാലെയാണ് സഞ്ജു തയ്യാറാണെന്ന് അറിയിച്ചത്. എന്നാല്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമോ എന്നുള്ള കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് മുമ്പ് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വിനോദ് പറഞ്ഞതിങ്ങനെ… ”ക്യാംപില്‍ പങ്കെടുക്കാനാവില്ലെന്ന് കാണിച്ച് സഞ്ജു ഇമെയില്‍ അയച്ചിരുന്നു. വയനാട്ടില്‍ നടന്ന ക്യാംപില്‍ സഞ്ജു ഉണ്ടായിരുന്നില്ല. സ്വാഭാവികമായും പരിശീലനത്തിന്റെ ഭാഗമായവരെ മാത്രമേ ഞങ്ങള്‍ ടീമിലേക്ക് പരിഗണിച്ചിട്ടുള്ളൂ. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.” വിനോദ് പറഞ്ഞു.

ഇതിനിടെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് താനുണ്ടാവുമെന്ന് അറിയിച്ച് സഞ്ജു വീണ്ടും സന്ദേശമയച്ചത്. അദ്ദേഹത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് കെസിഎ ഇതുവരെയും തീരുമാനമെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ”ലഭ്യമാണെന്ന് സഞ്ജു ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഞങ്ങള്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേരളാ ടീം മുഴുവന്‍ ഹൈദരാബാദിലുണ്ട്. രണ്ട് ഗെയിമുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ.” വിനോദ് കൂട്ടിചേര്‍ത്തു.

സീസണില്‍ ഉണ്ടായ പരിക്കില്‍ നിന്ന് വെറ്ററന്‍ ബാറ്റര്‍ ഇതുവരെ പൂര്‍ണ്ണമായി സുഖം പ്രാപിച്ചിട്ടില്ലാത്തതിനാല്‍ സച്ചിന്‍ ബേബിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. നാളെ ഡല്‍ഹിക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി മികവ് കാണിച്ചാല്‍ 2025ലെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിലേക്ക് ഇടം നേടുന്നതിനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ ഉയരും. നിലവില്‍ മൂന്ന് സെഞ്ചറിയുമായി ഇന്ത്യന്‍ ട്വന്റി20 ടീമില്‍ സഞ്ജു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ തന്റെ ഇടം ഉറപ്പിക്കാന്‍ സഞ്ജുവിനായിട്ടില്ല.

താന്‍ അവസാനം കളിച്ച ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സഞ്ജു സെഞ്ചുറി നേടിയെങ്കിലും പിന്നെ മലയാളി താരത്തിന് ഇന്ത്യയുടെ ഏകദിന ടീമില്‍ കളിക്കാനായിട്ടില്ല. വിജയ് ഹസാരെ ട്രോഫി 50 ഓവര്‍ ഫോര്‍മാറ്റാണ്. ഇതില്‍ മികവ് കാണിച്ചാല്‍ സഞ്ജുവിന് ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം നേടാനുള്ള സാധ്യതകള്‍ ഉയരും.

നിലവില്‍ വിജയ് ഹസാരെ ട്രോഫിക്കായി ഹൈദരാബാദിലാണ് കേരള ടീം. രണ്ട് മത്സരങ്ങളാണ് കഴിഞ്ഞിരിക്കുന്നത്. ഇതില്‍ ഒരു കളിയില്‍ കേരളം ബറോഡയോട് തോറ്റു. 403 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം 62 റണ്‍സിനാണ് തോറ്റത്. മധ്യപ്രദേശിനെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിന് മുന്‍പായി നടന്ന ക്യാംപില്‍ സഞ്ജു പങ്കെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സഞ്ജുവിനെ ടൂര്‍ണമെന്റിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദിനത്തില്‍ മികച്ച കണക്കുകളാണ് സഞ്ജുവിനുള്ളത്. 16 മത്സരങ്ങളില്‍ നിന്ന് നേടിയത് 510 റണ്‍സ്. 56.66 ആണ് ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റ് 99.60. വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച് ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ ശ്രദ്ധ നേടാനാവും ഇനി സഞ്ജുവിന്റെ ശ്രമം.

അതേ സമയം കെസിഎയുടെ അവഗണനയില്‍ മനം മടുത്ത് സഞ്ജു സാംസണ്‍ കേരളം വിടാനൊരുങ്ങുകയാണന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാട് ടീമിലേക്കു അദ്ദേഹം ചേക്കേറിയേക്കുമെന്ന പോസ്റ്റ് ആരാധകരെയും ശരിക്കും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ടാകില്ല, ഐപിഎല്ലിലും ‘പൊട്ടും’! സഞ്ജുവിനെ കാത്ത് തിരിച്ചടികളോ?’ തമിഴ്നാട് ടീമിലേക്ക് ? സെര്‍ജിയോ എന്ന എക്സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ നിന്നാണ് ആരാധകരെ ഞെട്ടിച്ച പോസ്റ്റ് വന്നിട്ടുള്ളത്. ലോകമെമ്പാടുമുള്ള സഞ്ജു സാംസണിന്റെ ആരാധകരെ മാത്രമല്ല, മലയാളികളെയും ഈ പോസ്റ്റ് അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കി. തമിഴ്നാട് ക്രിക്കറ്റ് ടീമിലേക്കു മാറാന്‍ സഞ്ജു സാംസണ് പ്ലാന്‍ ചെയ്യുകയാണെന്നായിരുന്നു സെര്‍ജിയോ എന്ന അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ്.

വളരെ വേഗത്തില്‍ ഇതു ആരാധകര്‍ക്കിടയില്‍ കത്തിക്കയറുകയും ചെയ്തു. പലരും പോസ്റ്റിനു താഴെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യന്‍ ആരാധകര്‍ ഇതിനെ സ്വാഗതം ചെയ്തപ്പോള്‍ മറ്റൊരു വിഭാഗം ഫാന്‍സ് ഞെട്ടലാണ് രേഖപ്പെടുത്തിയത്. ഇത്തരമൊരു നീക്കം സഞ്ജു നടത്തരുതെന്നു അവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരിക്കലും സംഭവിച്ചേക്കില്ല സഞ്ജു സാംസണ്‍ കേരളാ ടീം വിട്ട് തമിഴ്നാട്ടിലേക്കു മാറാനുള്ള സാധ്യത തീരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം. താന്‍ കളിക്കുന്ന ഫ്രാഞ്ചൈസിയോടും സംസ്ഥാനത്തോടും രാജ്യത്തോടുമെല്ലാം വളരെയധികം കൂറ് പുലര്‍ത്തുന്നയാളാണ് അദ്ദേഹം. അതിനാല്‍ തന്നെ തമിഴ്നാടോ, മറ്റേതെങ്കിലും സംസ്ഥാനമോ സഞ്ജുവിനു ഓഫര്‍ നല്‍കിയാലും ഇതു തള്ളുമെന്ന കാര്യമുറപ്പാണ്.

നേരത്തേ ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം അവഗണന നേരിട്ടപ്പോള്‍ അയര്‍ലാന്‍ഡ് ദേശീയ ടീമില്‍ നിന്നും സഞ്ജുവിനു ഓഫര്‍ വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റന്‍സിയടക്കം അദ്ദേഹത്തിനു അവര്‍ വാഗ്ദാനവും ചെയ്തിരുന്നു. പക്ഷെ മലയാളി താരം സ്നേഹപൂര്‍വ്വം ഇതു നിരസിക്കുകയായിരുന്നു. കൂടാതെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നപ്പോഴും മറ്റു ചില വമ്പന്‍ ഫ്രാഞ്ചൈസികള്‍ സഞ്ജുവിനു മുന്നില്‍ ചില ഓഫറുകള്‍ വച്ചിരുന്നു. പക്ഷെ ഇതെല്ലാം വേണ്ടെന്നു വച്ച അദ്ദേഹം റോയല്‍സില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തരത്തിലുള്ള സഞ്ജു ഒരിക്കലും കേരളാ ടീം വിട്ട് മറ്റൊരു ടീമിലേക്കു മാറില്ലെന്നു ഉറപ്പാണ്.

2011 മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടീമിനായി കളിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. രഞ്ജിയിലടക്കം ടീമിനെ നയിച്ചു കൊണ്ടിരിക്കുന്നതും സഞ്ജുവാണ്. കേരളാ ടീമിലെത്തിയേക്കും വിജയ് ഹസാരെ ട്രോഫിയിലെ ശേഷിച്ച മല്‍സരങ്ങള്‍ക്കുള്ള കേരളാ ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker