കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
ബെംഗളൂരു: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് ആർടി-പിസിആർ പരിശോധന സർട്ടിഫിറ്റ് അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കർണാടക സർക്കാർ. വിമാനം, ബസ്, ട്രെയിൻ, ടാക്സി, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയവയിൽ വരുന്ന യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
കേരളത്തിൽ നിന്ന് കർണാടകയിലേക്കുള്ള എല്ലാ വിമാനങ്ങൾക്കും ഈ നിയമം ബാധകമാണെന്നും ഉത്തരവിൽ പറയുന്നു. 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന സർട്ടിഫിറ്റ് കൈവശമുള്ള യാത്രക്കാർക്ക് മാത്രമേ വിമാനക്കമ്പനികൾ ബോർഡിംഗ് പാസുകൾ നൽകാവൂ എന്നും കർണാടക സർക്കാർ ഉത്തരവിൽ പറയുന്നു.
ട്രെയിനിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെ കൈയിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെന്ന് ഉറപ്പുവരുത്താൻ റെയിൽവേ അധികൃതർക്ക് ഉത്തരവാദിത്തമുണ്ടെന്നും ഉത്തരവിൽ പറയുന്നു. ബസ്സിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെ പക്കലും സർട്ടിഫിക്കറ്റുണ്ടെന്ന് ബസ് കണ്ടക്ടർ ഉറപ്പാക്കണം.
കർണാടകയിൽ പ്രവേശിക്കുന്ന എല്ലാവരേയും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ ഉദ്യോഗസ്ഥരെ ചെക്ക് പോസ്റ്റുകളിൽ വിന്യസിക്കാൻ കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം, ബിസിനസ്സ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി കർണാടക സന്ദർശിക്കുന്നവർ 15 ദിവസത്തിലൊരിക്കൽ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കൈവശം വെയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.
നിയമലംഘകർക്കെതിരേ കർണാടക പകർച്ചവ്യാധി രോഗ നിയമം 2020, ദുരന്ത നിവാരണ നിയമം 2005, ഐപിസിയുടെ മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും കർണാടക സർക്കാർ വ്യക്തമാക്കി.