കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ശൂരനാട് സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ദേഹപരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി. ഇതേ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാർഥിനിയും പരാതി നൽകി. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്.
പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വസ്ത്രത്തില്‍ ലോഹവസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ചായിരുന്നു ഈ പരിശോധന. പരിശോധന നടത്തിയവരുടെ നിർബന്ധം മൂലം അടിവസ്ത്രം ഉപേക്ഷിച്ചാണ് പെൺകുട്ടി ഹാളിൽ പ്രവേശിച്ചത്. ‘സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്’ എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിനു മുന്നിൽ അപമാനിതയായ കുട്ടിക്കു മാനസിക സമ്മർദം മൂലം പരീക്ഷ നന്നായി എഴുതാനായില്ലെന്നും പരാതിയിൽ പറയുന്നു.
ഇത്തരം നടപടി വിദ്യാര്‍ഥിനികളെ മാനസികമായി തളര്‍ത്തിയെന്നും വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ രണ്ടു മുറി ഒരുക്കിയിരുന്നതായും ശൂരനാട് സ്വദേശിയായ രക്ഷിതാവ് റൂറല്‍ എസ്പിക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. അതേസമയം, കൃത്യമായ മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് മറുവാദം. ലോഹവസ്തുക്കള്‍ ഉള്ളതൊന്നും ശരീരത്തില്‍ പാടില്ലെന്നാണ് ചട്ടമെന്ന് പരീക്ഷ ചുമതലയുള്ളവര്‍ പറയുന്നു.
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് (neet exam)എത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം (Undressing incident)പാർലമെന്‍റിൽ (parliament)ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയം ലോകസഭയിൽ ഉന്നയിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. വിദ്യാർഥിയോട് പരീക്ഷാ നടത്തിപ്പുകാർ സ്വീകരിച്ച സമീപനം ധിക്കാരവും മനുഷ്യത്വ വിരുദ്ധവും ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെയും ഇത്തരം സംഭവങ്ങളിൽ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പരാതി കൊടുത്ത കുട്ടിയുടെ പിതാവിന്റെ വാക്കുകൾ
എന്റെ മൂത്തമകൾ നീറ്റ് പരീക്ഷ എഴുതി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുൻപും നീറ്റ് പരീക്ഷകൾക്ക് പോയി പരിചയമുണ്ട്. എന്റെ ഭാര്യ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ്. അവര്‍ക്ക് പരീക്ഷാ പ്രോട്ടോകോളിനെ പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങൾ എടുത്തുമാണ് ഞങ്ങൾ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്.
എന്നാൽ അവിടെ വച്ച് അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചത്. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവര്‍ പരീക്ഷ എഴുതിപ്പിച്ചത്. ഈ സംഭവം കാരണം മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ആണ് മകൾ പറഞ്ഞത്. ഇങ്ങനെയൊരു നിര്‍ദേശം കൊടുത്തത് ആരാണ് എന്നറിയില്ല. കോളേജ് അധികൃതര്‍ക്ക് ഇതിൽ പങ്കില്ലെന്നും ചടയമംഗലത്തെ ഒരു ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും എന്നുമാണ് പൊലീസ് എന്നെ അറിയിച്ചത്.
ഞാൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിലോ അല്ലെങ്കിൽ രാജ്യത്ത് എവിടെയെങ്കിലുമോ ഇങ്ങനെയൊരു അപമാനം പെണ്‍കുട്ടികൾക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. എന്റെ മകൾക്ക് ഉണ്ടായ ദുരനുഭവം കൊണ്ട് മാത്രമല്ല. നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാൻ പാടില്ല എന്ന നിര്‍ബന്ധം കൊണ്ടാണ് ഞാനിപ്പോൾ പരാതിയുമായി മുന്നോട്ട് പോകുന്നത്. വളരെ കഷ്ടപ്പെട്ട് ആണ് എന്റെ മകൾ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത്. എന്നാൽ അവളിപ്പോഴും ഈ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ല. അപമാനിക്കപ്പെടുകയും പരീക്ഷ വേണ്ട രീതിയിൽ എഴുതാൻ പറ്റാതെ പോയതിന്റെയും സങ്കടത്തിൽ ആകെ തകര്‍ന്നിരിക്കുകയാണ് അവൾ.