നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം,അറസ്റ്റിലായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ അറസ്റ്റിലായ എസ്.ഐ അടക്കമുള്ള പോലീസുകാര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റത്തിന് കേസെടുത്തു.രാജ്കുമാറിനെ പോലീസുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ച പീഡനത്തിന് നേതൃത്വം നല്‍കിയത് നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന കെ.എ സാബുവാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണി ക്രൂരമായ മര്‍ദ്ദനത്തിന് കൂട്ടു നിന്നു. രണ്ടു പോലീസുകുമാര്‍ കൂടി കൃത്യത്തിന് ഒപ്പമുണ്ട്. ഇവര്‍ക്കെതിരെയും കേസെടുക്കും. രണ്ടു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
കേസില്‍ അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചതിനേത്തുടര്‍ന്ന് കുഴഞ്ഞു വീണ് എസ്.ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.പ്രഥമിക പരിശോധനകള്‍ക്കുശേഷം നിരീക്ഷണത്തിനായി കാര്‍ഡിയോളജി ഐ.സി.യുവിലാണ് സാബുവിപ്പോള്‍.ആരോഗ്യ നില മെച്ചപ്പെടുമ്പോള്‍ ഇരുവരെയും കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ക്രൈബ്രാഞ്ച് കേസിലെ ഇടക്കാല റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.