നെടുങ്കണ്ടം കസ്റ്റഡി മരണം, അന്വേഷണം സി.ബി.ഐക്ക്
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്‍കുമാറിന്‍റെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡിഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്. ജുഡിഷ്യല്‍ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കട്ടെ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് എടുത്തിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാജ്‍കുമാര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി എസ് ഐ സാബുവിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. സാബുവിനും നാലാം പ്രതി സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്‍റണിക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.