KeralaNews

നെടുമങ്ങാട് ടൂറിസ്‌റ്റ് ബസ് തലകീഴായി മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്‌റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. വിനോദയാത്രക്കായി കാട്ടാക്കട പെരുങ്കളവിടയിൽ നിന്ന് പുറപ്പെട്ട ഒരു പ്രദേശത്ത് ഉൾപ്പെടുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഒരു സ്ത്രീ മരണപ്പെട്ടു, 60 വയസുള്ള ദാസിനിയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് ലഭ്യമായ വിവരം. നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

ബസില്‍ അമ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് സൂചന. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം. ആര്യനാട് ഭാഗത്തുനിന്നുള്ള ആളുകൾ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.

പതിവായി വാഹനാപകടം നടക്കുന്ന ഇടങ്ങളിൽ ഒന്നാണിത്. ബസില്‍ നിന്നും വലിയതോതില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ട് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. ഇത് റോഡില്‍ പരന്നിട്ടുണ്ട്. അഗ്നിരക്ഷാസേന റോഡില്‍ നിന്നും ഇന്ധനം വെള്ളം ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപവർത്തനം വേഗത്തിൽ നടത്തിയത് അപകടത്തിന്റെ തീവ്രത കുറച്ചു.

വലിയൊരു വളവിലെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റവരിൽ ചിലരെ അടുത്ത് തന്നെയുള്ള നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്ര പേർ നിലവിൽ ചികിത്സയിൽ ഉണ്ടെന്ന കാര്യം വ്യക്തമല്ല. പരിക്കേറ്റവരിൽ കുട്ടികൾ ഉൾപ്പെടെ വിവിധ പ്രായത്തിൽ ഉൾപെട്ടവരുണ്ട്.

ഏറ്റവും ഒടുവിൽ ലഭ്യമാവുന്ന വിവരം അനുസരിച്ച് 20 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഏഴ് പേർ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും ചികിത്സയിലുണ്ട്. കൂടാതെ കാര്യമായി പരിക്കേൽക്കാത്ത ചിലരെ കന്യാകുളങ്ങര ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ഫയർഫോഴ്‌സ് സംഘം ആരും കുടുങ്ങിയില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker