FeaturedKeralaNews

എന്‍.സി.പി യു.ഡി.എഫിലേക്ക്,പോസ്റ്ററുകളും നോട്ടീസും തയ്യാര്‍,ഔദ്യോഗിക പ്രഖ്യാപനം പാലായില്‍

കോട്ടയം :പാലാ സീറ്റിനെച്ചൊല്ലി എന്‍.സി.പി. ഇടതുമുന്നണി വിടുന്നു. ഔദ്യോഗികപ്രഖ്യാപനം നാളെ. പാലായില്‍ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന മാണി സി. കാപ്പന്‍ എം.എല്‍.എയ്ക്കു പിന്നില്‍ ഉറച്ചുനിന്ന്, യു.ഡി.എഫില്‍ ചേരാനാണു പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍, ഇടതുമുന്നണിയില്‍ തുടരണമെന്ന നിലപാടില്‍ത്തന്നെയാണു മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം.

പാലായുടെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന മാണി സി. കാപ്പനെ അവഗണിക്കാന്‍ തീരുമാനിച്ചെങ്കിലും, അതിന്റെ പേരില്‍ ഒരു ഘടകകക്ഷി അപ്പാടെ വിട്ടുപോകുന്നത് ഇടതുമുന്നണിക്കു തിരിച്ചടിയാകും. മുന്നണി വിടുന്ന കാര്യത്തില്‍ എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ഉടന്‍ ഔദ്യോഗികപ്രഖ്യാപനം നടത്തുമെന്നാണു സൂചന.

സിറ്റിങ് സീറ്റായ പാലാ കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിനു നല്‍കാനുള്ള സി.പി.എം. തീരുമാനത്തില്‍ പ്രതിഷേധിച്ചാണു ദേശീയനേതൃത്വത്തിന്റെ അനുമതിയോടെ എന്‍.സി.പി. പതിറ്റാണ്ടുകള്‍ നീണ്ട എല്‍.ഡി.എഫ്. ബന്ധം ഉപേക്ഷിക്കുന്നത്. പാലാ ഉള്‍പ്പെടെ പാര്‍ട്ടിയുടെ നാല് സിറ്റിങ് സീറ്റും വേണമെന്ന ആവശ്യം സി.പി.എം. നിരാകരിച്ചത് എന്‍.സി.പി. ദേശീയനേതൃത്വത്തെ പ്രകോപിപ്പിച്ചു.

പാര്‍ട്ടിയുടെ ആവശ്യം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍തന്നെ നേരിട്ട് അറിയിച്ചിരുന്നു. സിറ്റിങ് സീറ്റുകള്‍ നല്‍കാമെന്നു യെച്ചൂരി ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, ഇക്കാര്യം പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പാലായ്ക്കു പകരം രാജ്യസഭാ സീറ്റ് ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. പട്ടേലിനു പിണറായിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടതോടെ ബന്ധം കൂടുതല്‍ വഷളായി. ഇതോടെയാണു ദേശീയതലത്തില്‍ രൂപപ്പെട്ട ധാരണ പൊളിഞ്ഞത്. ഇടതുമുന്നണി വിടാന്‍ പവാര്‍ ഇന്നലെ അനുമതി നല്‍കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിലെത്തുമ്പോള്‍ യു.ഡി.എഫ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കാനാണ് പദ്ധതി.സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്കായി കാപ്പന്‍ തയ്യാറാക്കിയ കുറിപ്പ് പുറത്തുവന്നു.എന്‍.സി.പി യു.ഡി.എഫിന്റെ ഭാഗമായി എന്നു വ്യക്തമാക്കാനായി പാര്‍ട്ടി പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്.

യു.ഡി.എഫ്. നേതൃത്വവുമായി എന്‍.സി.പി. നേതാക്കള്‍ അനൗപചാരികചര്‍ച്ചകള്‍ ആരംഭിച്ചു. മാണി സി. കാപ്പന്‍ മാത്രമാണ് ഇടതുമുന്നണി വിട്ടുവരുന്നതെങ്കില്‍ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.

എന്നാല്‍, പുതിയ സാഹചര്യത്തില്‍ എന്‍.സി.പിയെ യു.ഡി.എഫ്. ഘടകകക്ഷിയാക്കേണ്ടിവരും. ഇടതുമുന്നണി വിടാനുള്ള പാര്‍ട്ടി തീരുമാനത്തോടു യോജിപ്പില്ലാത്ത മന്ത്രി ശശീന്ദ്രന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-എസില്‍ ചേരുമെന്നാണു സൂചന. എന്‍.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജന്‍, ദേശീയസമിതിയംഗം വര്‍ക്കല രവികുമാര്‍ തുടങ്ങിയവരും ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലാ പ്രസിഡന്റുമാരും ശശീന്ദ്രനെ പിന്തുണയ്ക്കുന്നു.

ഗുജറാത്തില്‍നിന്നു നാളെ പ്രഫുല്‍ പട്ടേല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷം യു.ഡി.എഫുമായി ഔദ്യോഗികചര്‍ച്ചയാരംഭിക്കും. എന്‍.സി.പി. ആവശ്യപ്പെടുന്ന പാലാ, കുട്ടനാട്, എലത്തൂര്‍, കോട്ടയ്ക്കല്‍ സീറ്റുകളില്‍ ഒന്നൊഴികെ നല്‍കാമെന്നാണു കോണ്‍ഗ്രസ് നിലപാട്. കോട്ടയ്ക്കല്‍ മുസ്ലിം ലീഗിന്റെ സീറ്റാണ്. അതിനു പകരം മറ്റൊരു സീറ്റ് എന്‍.സി.പിക്കു നല്‍കിയേക്കും. മുന്നണിമാറ്റതീരുമാനം ചര്‍ച്ചകളിലൂടെ ദേശീയതലത്തില്‍ അട്ടിമറിക്കപ്പെട്ടാലും മാണി സി.കാപ്പന്‍ യു.ഡി.എഫിലെത്തുമെന്ന് ഉറപ്പായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker