ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: കാൽകഴുകി മാപ്പുപറഞ്ഞ് ശിവരാജ് സിങ് ചൗഹാൻ
ഭോപ്പാല്‍: മധ്യപ്രദേശിലെ സിധി ജില്ലയില്‍ ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവത്തില്‍ ജനരോഷം ശക്തമായതോടെ ശമിപ്പിക്കാനുള്ള നീക്കങ്ങളുമായി ബിജെപി. ഹീനമായ കൃത്യത്തിന് ഇരയായ ദഷ്മത് റാവത്തിനെ കണ്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അദ്ദേഹത്തിന്റെ കാല്‍ കഴുകി മാപ്പ് പറഞ്ഞു. നാളുകള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വിഷയം ബിജെപിക്കെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
ബി.ജെ.പി. ഭരണത്തിനുകീഴില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് രാഹുല്‍ഗാന്ധിയടക്കം ആരോപിച്ചു.ആദിവാസികളോടും ദളിതരോടുമുള്ള ബി.ജെ.പി.യുടെ വെറുപ്പിന്റെ യഥാര്‍ഥമുഖം മനുഷ്യത്വരഹിതമായ പ്രവൃത്തിയിലൂടെ തുറന്നുകാട്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുമുമ്പുനടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി വിവാദമായതോടെ മാത്രമാണ് കേസെടുക്കാന്‍പോലും തയ്യാറായതെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ സംഭവത്തിനെതിരെ വ്യാപക ജനരോഷം ഉയര്‍ന്നതോടെ പ്രതി പ്രവേശ് ശുക്ലയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും വീട് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആദിവാസി തൊഴിലാളിയോട് മാപ്പ് പറഞ്ഞിരിക്കുന്നത്.
ദഷ്മത് റാവത്തിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചാണ് കാല്‍ കഴുകിയത്. ‘ആ വീഡിയോ കണ്ട് ഞാന്‍ വേദനിച്ചു. ഞാന്‍ നിങ്ങളോട് മാപ്പ് പറയുന്നു. എനിക്ക് നിങ്ങള്‍ ദൈവത്തെ പോലെയാണ്’ കാല്‍ കഴുകിയതിന് ശേഷം ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ശേഷം അദ്ദേഹത്തെ പൂമാലയിട്ടും ഷാള്‍ അണിയിച്ചും ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് ദഷ്മത് റാവത്തിനൊപ്പം ഭോപ്പാലിലെ സ്മാര്‍ട്ട് സിറ്റി പാര്‍ക്ക് സന്ദര്‍ശിച്ച് തൈകള്‍ നടുകയും ചെയ്തു.
ചവിട്ടുപടിയിലിരിക്കുകയായിരുന്ന ദഷ്മത് റാവത്തിന്റെ മുഖത്തും ശരീരത്തിലും സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ ചൊവ്വാഴ്ച മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടികളുണ്ടായത്. ബി.ജെ.പി. എം.എല്‍.എ. കേദാര്‍ നാഥ് ശുക്ലയുടെ മണ്ഡലത്തിലെ പ്രതിനിധിയും യുവമോര്‍ച്ച ഭാരവാഹിയുമാണ് പ്രവേശ് ശുക്ലയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അതോടെ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി. പ്രസ്താവനയിറക്കി. എന്നാല്‍ സംഭവം വിവാദമായതോടെ ഇതേക്കുറിച്ചന്വേഷിക്കാന്‍ നാലംഗസമിതിയെ ബി.ജെ.പി. നിയോഗിക്കുകയുണ്ടായി.