‘ഷംസീറിനോടും ജയാരാജനോടും മാപ്പ് പറഞ്ഞില്ലെങ്കില്‍ കയ്യും കാലും ഉണ്ടാകില്ല, തട്ടിക്കളയും’ സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐയ്ക്ക് വധഭീഷണി
തലശേരി: സി.ഒ.ടി. നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി ടൗണ്‍ സി.ഐ വിശ്വംഭരന്‍ നായര്‍ക്ക് വധഭീഷണി. കത്തിലൂടെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സിഐയുടെ മേല്‍വിലാസത്തില്‍ വധഭീഷണി എത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ‘ഷംസീറിനോടും ജയരാജനോടും കളിക്കാന്‍ വളര്‍ന്നോ. ഇത് തലശേരിയാണെന്ന് അറിഞ്ഞു കൂടെ. രണ്ട് പേരേയും നേരില്‍ കണ്ട് മാപ്പ് ചോദിക്കുക. അല്ലെങ്കില്‍ അടിച്ച് പരിപ്പെടുക്കും, കയ്യും കാലും ഉണ്ടാകില്ല. തട്ടിക്കളയും’ എന്നിങ്ങനെയുള്ള വാക്കുകളാണ് കത്തിലുള്ളതെന്നാണ് വിവരം.
നല്ല കയ്യക്ഷരത്തില്‍ വെള്ള പേപ്പറില്‍ എഴുതിയിട്ടുള്ള കത്ത് തലശേരിയില്‍ നിന്നു തന്നെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭീഷണി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് എഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ നല്‍കിയിട്ടുണ്ട്. ഇതിനിടിയില്‍ നസീര്‍ വധശ്രമക്കേസിന്റെ അന്വേഷണം പോലീസ് കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.