നയന്‍ മാം എന്ന വിളിയില്‍ തുടക്കം,കാദംബരി, അതില്‍ നിന്നും തങ്കമേ…പിന്നീട് എന്റെ ബേബി…. ഇപ്പോള്‍ എന്റെ ഭാര്യ,പ്രണയഭരിതനായി വിഘ്‌നേഷ്
ചെന്നൈ: സമൂഹമാധ്യമങ്ങളില്‍ രാവിലെ മുതല്‍ ചര്‍ച്ച നയന്‍താര വിഘ്‌നേഷ് വിവാഹ വിശേഷങ്ങളാണ്.കണ്ണെടുക്കാന്‍ തോന്നില്ല അത്രയ്ക്കും ക്യൂട്ടാണ് ഈ പ്രണയ നിമിഷങ്ങള്‍. നയന്‍താരയെന്ന അഭിനയ സൗകുമാര്യത്തെ വെള്ളിത്തിരയില്‍ കണ്ടു കണ്‍നിറഞ്ഞ പ്രേക്ഷക ലക്ഷങ്ങള്‍ ഇപ്പോള്‍ ‘കണ്ണുവയ്ക്കുന്നത്’ ഈ വിവാഹ നിമിഷങ്ങളിലാണ്. കഥയിലെവിടെയോ കേട്ട അഴകിന്റെ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയെത്തിയ നയന്‍സിനെ കണ്ടാല്‍ ഏതു സുന്ദരിയും തോറ്റുപോകും. അത്രയ്ക്കുണ്ട് ആ സൗന്ദര്യം. വിവാഹ പന്തലില്‍ അടിമുടി തമിഴ് പയ്യനായെത്തിയ വിഘ്‌നേശ് ശിവനും ആരാധകരുടെ മനം കവര്‍ന്നു.
ആരാധകര്‍ വിക്കി-നയന്‍സ് വിവാഹ ചിത്രത്തിനു പിന്നാലെ ഇപ്പോഴിതാ മനംകവരുന്ന കൂടുതല്‍ ചിത്രങ്ങള്‍ കൂടി പുറത്തു വരികയാണ്. ഇന്ത്യയിലെ തന്നെ പ്രമുഖ സ്‌റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയന്‍സിനെ അതിസുന്ദരിയാക്കിയത്. മുംബൈയില്‍ നിന്നുള്ള ജോനികയുടേതാണ് ആഭരണങ്ങള്‍. ജെയ്ഡ് ബൈ മോണിക്ക ആന്‍ഡ് കരീഷ്മയുടേതാണ് ആ രാജകീയമായ വിവാഹ വസ്ത്രങ്ങള്‍.
‘നയന്‍ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി, അതില്‍ നിന്നും തങ്കമേ…പിന്നീട് എന്റെ ബേബി…അതില്‍ നിന്നും എന്റെ ജീവനും കണ്‍മണിയും…ഇപ്പോള്‍ എന്റെ ഭാര്യ.’-വിവാഹവസ്ത്രത്തിലുള്ള നയന്‍താരയുടെ ചിത്രം പങ്കുവച്ച് വിഗ്‌നേഷ് കുറിച്ചു.
ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍. രാവിലെ 8.30ന് നടന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. വിവാഹസത്കാരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, സൂര്യ, ദിലീപ്, ആര്യ, കാര്‍ത്തി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
മെഹന്ദി ചടങ്ങ് ജൂണ്‍ എട്ടിനു രാത്രിയായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാന്‍ അല്‍പം കാത്തിരിക്കേണ്ടി വരും. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ്. ചലച്ചിത്ര സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്‌ലിക്‌സിനായി വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്യുന്നത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വിരുന്നില്‍ വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, സാമന്ത ഉള്‍പ്പെടെയുള്ളവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അതിഥികള്‍ക്കു പോലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിലക്കുണ്ട്. വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകള്‍ അതിഥികള്‍ക്കായി ഒരുക്കി. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിയിരുന്നു.