Nayanthara Vignesh Wedding: കനത്ത സുരക്ഷയിൽ മഹാബലിപുരത്ത് നയൻതാര വിഘ്നേഷ് മാംഗല്യം ഇന്ന്
ചെന്നൈ:തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെ കഴുത്തിൽ വിഘ്നേഷ് ശിവൻ ഇന്ന് താലികെട്ടും. ഇതോടെ സിനിമാപ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകും. എല്ലാ കാത്തിരിപ്പുകൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഇന്ന് മഹാബലിപുരത്ത് നടക്കുന്നത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. നയൻസും വിക്കിയും പ്രണയത്തിലാകുന്നത് നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു.
മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം നടക്കുന്നത്. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്നാണ് സൂചന. മാത്രമല്ല നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ജവാന്‍’ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.
കനത്ത സുരക്ഷയിലാണ് വിവാഹവേദിയും പരിസരവും. മാത്രമല്ല ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ. ഇതിനിടയിൽ വിവാഹ ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നാണ് അതിഥികളോടുള്ള അഭ്യർത്ഥനയെന്നും റിപ്പോർട്ടുണ്ട്.
വിവാഹവേദിയിൽ നിശ്ചയിച്ചിട്ടുള്ള സംഗീതപരിപാടി നയിക്കുന്നത് ആരാകുമെന്നത് ഒരു വൻ സർപ്രൈസാണ്. വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയ പ്രണയമാണ് ഇന്ന് പൂത്തുലയാൻ പോകുന്നത്. 2017ൽ സിംഗപ്പൂരിൽ നടന്ന ഒരു അവാർഡ് ഷോയിലാണ് വിഘ്‌നേഷും നയൻതാരയും ആദ്യമായി ഒരുമിച്ച് പൊതു സദസ്സിൽ പ്രത്യക്ഷപ്പെട്ടത്. അവർ ഒരുമിച്ച് ഇരിക്കുന്നതും ചിരിക്കുന്നതും ഓരോ നിമിഷവും ആസ്വദിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ഇതിനിടയിൽ 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ചടങ്ങായിരുന്നു അത്. അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ നയൻതാര തമിഴ് നടൻ സിലംബരസനുമായി പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞിരുന്നു. ശേഷം 2009 ൽ പ്രഭുദേവയുമായി പ്രണയത്തിലായ നയൻതാര അദ്ദേത്തിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെങ്കിലും ഒടുവിൽ അവർ വേർപിരിഞ്ഞു.
ഇതിനുശേഷം വിഘ്‌നേഷുമായി നയൻസ് അടുത്തു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ സമയം ഇവർ അധികനാൾ ഒന്നിച്ച് പോകില്ലെന്ന പ്രവചനവുമായി ഒരു ജ്യോത്സ്യന്‍ രംഗത്ത് എത്തിയിരുന്നു. ഇവരുടെ ദാമ്പത്യം അധികനാള്‍ നീണ്ടു പോകില്ലെന്നു പറഞ്ഞ ജ്യോൽസ്യൻ നടി സാമന്തയുടെ ജാതകത്തിന് സമാനമാണ് നയന്‍താരയുടേതെന്നാണ് പറഞ്ഞത്. പക്ഷെ ദോഷങ്ങൾക്കെല്ലാം പരിഹാരം കണ്ട ശേഷമാണ് വിവാഹവുമായി മുന്നോട്ട് പോകുന്നതെന്ന വാർത്തയാണ് പിന്നീട് പ്രചരിച്ചത്.