നയൻതാരയോളം മാർക്കറ്റ്; പക്ഷെ യഥാർത്ഥ താരറാണി ഐശ്വര്യ റായ്
ചെന്നൈ:തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ജനപ്രീതി നേടാൻ കഴിഞ്ഞ താരമാണ് അനുഷ്ക ഷെട്ടി. രാജകീയ വേഷങ്ങൾ അനുഷ്കയെ പോലെ ചേരുന്ന മറ്റൊരു നടിയില്ല. കൂടെ നിൽക്കുന്നവരെ നിഷ്പ്രഭരാക്കുന്ന സ്ക്രീൻ പ്രസൻസാണ് നടിയെ വ്യത്യസ്തയാക്കുന്നത്. കർണാടക്കാരിയായ അനുഷ്കയുടെ യഥാർത്ഥ പേര് സ്വീറ്റി ഷെട്ടി എന്നാണ്. പേര് പോലെ തന്നെ വളരെ നല്ല പെരുമാറ്റമാണ് അനുഷ്കയ്ക്കെന്ന് സിനിമാ ലോകത്തെ മിക്കവരും പറയും.
ഏവരോടും വിനയത്തോടെ സംസാരിക്കുന്ന അനുഷ്ക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സഹായം നൽകാനും മടിക്കാറില്ല. വാടക വണ്ടി ഓടിക്കുന്ന ഒരു ഡ്രെെവർക്ക് അനുഷ്ക സ്വന്തമായൊരു കാറ് വാങ്ങി നൽകിയതിനെക്കുറിച്ച് മുമ്പൊരിക്കൽ നടൻ ആര്യ സംസാരിച്ചിട്ടുണ്ട്. അനുഷ്കയുടെ നല്ല മനസ് കണ്ട് താൻ അത്ഭുതപ്പെട്ട് പോയെന്നും അന്ന് ആര്യ തുറന്ന് പറഞ്ഞു. തെന്നിന്ത്യ ആഘോഷിക്കുന്ന നടിയാണെങ്കിലും ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കുന്ന താരമാണ് അനുഷ്ക ഷെട്ടി.
അടുത്ത കാലത്തായി കരിയറിൽ വലിയ ഇടവേളകളും വരുന്നു. സോഷ്യൽ മീഡിയയിൽ പോലും അനുഷ്ക സജീവമല്ല. അതേസമയം ഇതൊന്നും നടിയുടെ മാർക്കറ്റ് മൂല്യത്തെ ബാധിച്ചിട്ടില്ല. നയൻതാര, തൃഷ, സമാന്ത തുടങ്ങിയ നടിമാർക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന താരമൂല്യം അനുഷ്കയ്ക്കുണ്ട്. അരുന്ധതി, ബാഹുബലി, ബാഗ്മതി തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് അനുഷ്കയുടെ ഈ ജനപ്രീതിക്ക് പിന്നിലെ വലിയൊരു ഘടകം. അനുഷ്കയുടെ പ്രതിഫലമാണ് ടോളിവുഡിലെ ഇപ്പോഴത്തെ ചർച്ച. ഒരു സിനിമയ്ക്ക് ആറ് കോടി രൂപയാണ് അനുഷ്ക വാങ്ങുന്ന പ്രതിഫലം.
തെന്നിന്ത്യയിൽ ഒരു നായിക നടിക്ക് ലഭിക്കുന്നതിൽ വെച്ച് ഉയർന്ന പ്രതിഫലങ്ങളിൽ ഒന്നാണിത്. അതേസമയം തെന്നിന്ത്യയിൽ അനുഷ്ക, നയൻതാര, സമാന്ത, തൃഷ തുടങ്ങിയ നടിമാർക്കെല്ലാം മുകളിൽ പ്രതിഫലം വാങ്ങിയ ഒരു നടിയുണ്ട്. പൊന്നിയിൻ സെൽവൻ സിനിമയ്ക്കായി ഐശ്വര്യ റായ് വാങ്ങിയ പ്രതിഫലം പത്ത് കോടി രൂപയാണ്. നടിയുടെ ആഗോള പ്രശസ്തിയും സീനിയോരിറ്റിയും ഇതിലൊരു ഘടകമാണ്. ബോളിവുഡ് സിനിമകൾ ചെയ്യുമ്പോൾ പോലും പ്രതിഫലത്തിൽ വലിയ വിട്ടു വീഴ്ചകൾ ഐശ്വര്യ ചെയ്യാറില്ല.
ഭർത്താവ് അഭിഷേക് ബച്ചനേക്കാൾ പ്രതിഫലം ഐശ്വര്യ വാങ്ങുന്നു. അഭിഷേക് ബച്ചൻ തന്നെയാണ് മുമ്പൊരിക്കൽ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഒമ്പത് സിനിമകളിൽ ഞാനും ഐശ്വര്യ റായും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ എട്ട് സിനിമകളിലും അവൾക്കാണ് എന്നേക്കാളും പ്രതിഫലം ലഭിച്ചത്. പിതാവ് അമിതാഭ് ബച്ചൻ അഭിനയിച്ച പികു എന്ന സിനിമയിൽ അദ്ദേഹത്തേക്കാൾ പ്രതിഫലം ലഭിച്ചത് ദീപിക പദുകോണിനാണെന്നും അഭിഷേക് അന്ന് ചൂണ്ടിക്കാട്ടി.
പ്രതിഫലത്തിൽ ലിംഗവിവേചനം എന്ന വാദത്തിനെതിരെ സംസാരിക്കുകയായിരുന്നു അഭിഷേക്. ഐശ്വര്യ കഴിഞ്ഞാൽ നയൻതാരയ്ക്കും തമിഴകത്ത് നിന്ന് വലിയ പ്രതിഫലം ലഭിക്കുന്നു. ജയം രവിക്കൊപ്പം അഭിനയിച്ച പുതിയ ചിത്രം ഇരൈവൻ എന്ന സിനിമയ്ക്കായി 10 കോടി രൂപ നടി വാങ്ങുന്നെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം തമിഴ്, തെലുങ്ക് സിനിമകളിൽ പുരുഷ താരങ്ങളെ അപേക്ഷിച്ച് ഐശ്വര്യ, നയൻതാര, അനുഷ്ക തുടങ്ങിയവരുടെ പ്രതിഫലം വളരെ തുച്ഛമാണ്. 100 കോടി രൂപയ്ക്ക് മുകളിലാണ് വിജയ്, അജിത്ത്, മഹേഷ് ബാബു തുടങ്ങിയവർ വാങ്ങുന്ന പ്രതിഫലം. ഇതിന്റെ പത്ത് ശതമാനം പോലും പലപ്പോഴും നായികമാർക്ക് ലഭിക്കുന്നില്ല.